തുര്‍ക്കിയുമായി ഇനി യുദ്ധമില്ല; കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പിരിച്ചു വിട്ടു

Update: 2025-05-12 09:26 GMT

ഇസ്താംബുള്‍: നാലു പതിറ്റാണ്ടിലേറെയായി തുര്‍ക്കി ഭരണകൂടവുമായി പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പിരിച്ചുവിട്ടു. ജയിലില്‍ കഴിയുന്ന സംഘടനയുടെ നേതാവ് അബ്ദുള്ള ഒകലാന്‍ സംഘടന പിരിച്ചുവിടണമെന്ന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് ഈ നീക്കം.

പാര്‍ട്ടി പിരിച്ചുവിട്ട് സായുധ പോരാട്ടം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 1984ല്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ 40,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയിലെ ജനസംഖ്യയുടെ ഏകദേശം 20% വരുന്ന കുര്‍ദുകള്‍ക്ക് ഒരു സ്വതന്ത്ര മാതൃരാജ്യം സൃഷ്ടിക്കുക എന്നതായിരുന്നു കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ലക്ഷ്യം.

ഫെബ്രുവരിയില്‍, 76 കാരനായ ഒകലാന്‍ തന്റെ പ്രസ്ഥാനത്തോട് ആയുധം താഴെ വെച്ച് സ്വയം പിരിച്ചുവിടാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. 1999 മുതല്‍ ഇസ്താംബൂളിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള മര്‍മര കടലിലെ ഒരു ദ്വീപിലെ ജയിലില്‍ ഏകാന്ത തടവിലാണ് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ ഒകലാന്‍.

ഫെബ്രുവരിയില്‍ ജയിലില്‍ നിന്ന് ഒകലാന്‍ ഒരു കത്തെഴുതി, 'ഒരു രാഷ്ട്രീയ വ്യവസ്ഥ പിന്തുടരുന്നതിലും യാഥാര്‍ഥ്യമാക്കുന്നതിലും ജനാധിപത്യത്തിന് ബദലില്ല. ജനാധിപത്യ സമവായമാണ് അടിസ്ഥാന മാര്‍ഗം' എന്നായിരുന്നു കത്ത്.

അതേസമയം, പാര്‍ട്ടി പിരിച്ചുവിടാനുള്ള തീരുമാനം 'ആക്രമണങ്ങളില്ലാത്ത തുര്‍ക്കിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്' എന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ ഭരണകക്ഷിയായ എകെ പാര്‍ട്ടിയുടെ വക്താവ് ഒമര്‍ സെലിക് പറഞ്ഞു.

Tags: