ഓണം ഉല്‍സവബത്തയും ശമ്പള അഡ്വാന്‍സും കൊടുക്കാന്‍ പണമില്ല; സര്‍ക്കാര്‍ സഹായം കാത്ത് ദേവസ്വം ബോര്‍ഡ്

ഓണം ആനുകൂല്യങ്ങള്‍ നല്‍കണമെങ്കില്‍ 25 കോടിയിലധികം രൂപ വേണ്ടിവരും.

Update: 2021-08-13 02:54 GMT

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജിവനക്കാര്‍ക്ക് ഓണം ഉല്‍സവ ബത്തയും ശമ്പള അഡ്വാന്‍സും നല്‍കാനാവാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ ജീവനക്കാരുടെ ഓണം ഉല്‍സവബത്തയും ശമ്പള അഡ്വാന്‍സും മുടങ്ങുന്ന സ്ഥിതിയിലാണ് ബോര്‍ഡ്. അഞ്ചു കോടി രൂപയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അകൗണ്ടില്‍ ബാക്കിയുള്ളത്.ഓണം ആനുകൂല്യങ്ങള്‍ നല്‍കണമെങ്കില്‍ 25 കോടിയിലധികം രൂപ വേണ്ടിവരും. ഈ തുക സര്‍ക്കാര്‍ നല്‍കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്.


ഓണത്തിന് ഒരാഴ്ച്ചമുന്‍പ് ജീവനക്കാര്‍ക്ക് ഉല്‍സവബത്തയും ബോണസും നല്‍കുന്നതാണ് ദേവസ്വം ബോര്‍ഡിലെ പതിവ്. സര്‍ക്കാര്‍ സര്‍വ്വീസിന് തുല്ല്യമായ സേവന വേതന വ്യവസ്ഥകളാണ് ദേവസ്വം ബോര്‍ഡും നല്‍കുന്നത്. ഇപ്പോള്‍ കയ്യിലുള്ള അഞ്ചുകോടി രൂപ ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകള്‍ക്കും ജീവനക്കാരുടെ ശമ്പളത്തിനും തികയില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അമ്പലങ്ങളില്‍ നിന്നും കാര്യമായ വഴിപാട് വരുമാനം ലഭിക്കുന്നില്ല. ഇത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ സമിപിക്കാനാണ് ദേവസ്വം ബോര്‍ഡ് അധികൃതരുടെ തീരുമാനം. ഇതിനു പുറമെ ബോര്‍ഡിന്റെ കൈവശമുള്ള സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്ക് നയം അനുസരിച്ച് പണയം വെയ്ക്കാന്‍ കോടതിയുടെ അനുമതി നേടാനും ദേവസ്വം അധികൃതര്‍ നടപടി ആരംഭിച്ചിട്ടുണ്ട്.




Tags:    

Similar News