ഫണ്ടില്ല: പ്രതിസന്ധിയിലെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര ഏജന്‍സി

ശമ്പളം മുടങ്ങുന്നത് വിദ്യാഭ്യാസ,സാമൂഹിക, ശുചിത്വ, ആരോഗ്യ പരിപാലന പദ്ധതികളെ ബാധിക്കും

Update: 2020-11-09 15:21 GMT

ഗസ: പണമില്ലാത്തതു കാരണം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്ന അവസ്ഥയിലേക്കു നീങ്ങുകയാണെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര ഏജന്‍സിയായ യുഎന്‍ റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ (യുഎന്‍ആര്‍ഡബ്ല്യുഎ). ഈ വര്‍ഷം 70 ദശലക്ഷം ഡോളര്‍ സമാഹരിക്കേണ്ടതുണ്ടെന്നും അല്ലെങ്കില്‍ വര്‍ഷാവസാനത്തോടെ ആയിരക്കണക്കിന് ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും നല്‍കാനാവില്ലെന്നും ഏജന്‍സി അറിയിച്ചു.28,000 പേരാണ് ഏജന്‍സിയുടെ കീഴില്‍ വിവിധ അഭയാര്‍ഥി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നത്. തൊഴിലാളികളില്‍ ഭൂരിഭാഗവും അഭയാര്‍ഥികളാണ്.

ശമ്പളം മുടങ്ങുന്നത് വിദ്യാഭ്യാസ,സാമൂഹിക, ശുചിത്വ, ആരോഗ്യ പരിപാലന പദ്ധതികളെ ബാധിക്കും. കഴിഞ്ഞ വര്‍ഷം ഫണ്ട് കുറവുണ്ടായിരുന്നപ്പോള്‍ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ് എന്നിവയുള്‍പ്പെടെ നിരവധി അറബ് രാജ്യങ്ങളുടെ അധിക പിന്തുണയാണ് കുറവുകള്‍ നികത്തിയത്. അതോടൊപ്പം യൂറോപ്യന്‍ യൂണിയനും ജര്‍മ്മനിയും ഈ വിടവ് നികത്താന്‍ സഹായിച്ചിരുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗസ മുനമ്പിലെയും ജോര്‍ദാന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളിലെയും 5.5 ദശലക്ഷം അഭയാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, മറ്റ് സഹായം എന്നിവയാണ് യുഎന്‍ആര്‍ഡബ്ല്യുഎ നല്‍കുന്നത്. കോടിക്കണക്കിന് ഡോളര്‍ സഹായം വെട്ടിക്കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടംത്തിന്റെ തീരുമാനവും കൊവിഡ് പ്രതിസന്ധിയുമാണ് ഫണ്ട് കുറവിന് പ്രധാന കാരണമായത്.

Tags:    

Similar News