അവശ്യവസ്തുക്കളില്ല; ലക്ഷദ്വീപ് ക്ഷാമത്തിന്റെ പിടിയിലേക്ക്

Update: 2021-06-05 09:50 GMT

കൊച്ചി: ലക്ഷ്ദ്വീപിനെ അവശ്യവസ്തുക്കളുടെ ക്ഷാമം പിടിമുറുക്കുന്നു. ലോക്ക് ഡൗണിന്റെ ഭാഗമായി അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാത്തതും മെയിന്‍ലാന്റില്‍ നിന്ന് വസ്തുക്കള്‍ എത്താത്തതുമാണ് ക്ഷാമത്തിനു കാരണം.

ലക്ഷദ്വീപില്‍ നേരത്തെ മുതല്‍ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം തുടങ്ങിയിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മെയ് 17 മുതല്‍ ലക്ഷദ്വീപിലെ കടകള്‍ അടഞ്ഞുകിടക്കുകയാണ്. മറ്റ് പ്രദേശങ്ങളില്‍ ചില സമയങ്ങളിലെങ്കിലും കടകള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന പതിവുണ്ടെങ്കിലും ലക്ഷദ്വീപ് പൂര്‍ണായും അടച്ചിടുകയായിരുന്നു. റേഷന്‍ കടകളും ഇവിടെ അടഞ്ഞുകിടക്കുകയാണ്. മെയ് അവസാനമായതോടെ മുന്‍കൂട്ടി സംഭരിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ തീര്‍ന്നുകഴിഞ്ഞു. കൂടുതല്‍ വസ്തുക്കളുമായി കപ്പലുകള്‍ എത്താത്തതും പ്രശ്‌നമായി.

മെയ് 17നും ശേഷം മെയിന്‍ലാന്‍ഡില്‍ നിന്ന് ചുരുക്കം കപ്പലുകളേ ലക്ഷദ്വീപിലെത്തിയിട്ടുള്ളു. എല്ലാ വസ്തുക്കളും കൊച്ചി, ബേപ്പൂര്‍ പോലുളള പ്രദേശങ്ങളില്‍ നിന്ന് എത്തേണ്ട ഇവിടെ കപ്പലുകളുടെ എണ്ണം കുറച്ചതോടെ ക്ഷാമം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. ഭക്ഷ്യവസ്തുക്കളും മറ്റും മെയില്‍ലാന്‍ഡില്‍ നിന്ന് വരാത്തതും ഉള്ള വസ്തുക്കള്‍ വിതരണം ചെയ്യാത്തതും ക്ഷാമം വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. റേഷന്‍ കടകള്‍ ഒരു ദിവസംപോലും തുറക്കാത്തതും പ്രശ്‌നം സൃഷ്ടിച്ചു.

അതേസമയം കൊവിഡ് ചികില്‍സാ ഉപകരണങ്ങളുമായി ഐഎന്‍എസ് ഷാരദ എന്ന കപ്പല്‍ മെയ് 17 നുശേഷം ലക്ഷദ്വീപിലേക്ക് പോയിരുന്നു. പിന്നീടാണ് മററ് കപ്പലുകള്‍ സര്‍വീസ് കുറച്ചത്.

ബേപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന കപ്പലുകള്‍ മംഗലാപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത് വിവാദമായിരിക്കുകയാണ്.