'തമിഴ്നാട്ടില്‍ അടിച്ചമര്‍ത്തലിനും ആധിപത്യത്തിനും പ്രവേശനമില്ല, ബിജെപിക്കും നോ എന്‍ട്രി': എം കെ സ്റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ അടിച്ചമര്‍ത്തലിനും ആധിപത്യത്തിനും പ്രവേശനമില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ബിജെപിക്കും സംസ്ഥാനത്ത് 'നോ എന്‍ട്രി' ആണെന്ന് അദ്ദേഹം പറഞ്ഞു. ഡിഎംകെയുടെ 76ാം സ്ഥാപകവാര്‍ഷികത്തോടനുബന്ധിച്ചും സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാറിന്റെയും, ഡിഎംകെ സ്ഥാപകന്‍ സി എന്‍ അണ്ണാദുരൈയുടെയും ജന്മവാര്‍ഷികത്തോടനുബന്ധിച്ചും സംഘടിപ്പിച്ച 'മുപ്പെരും വിഴാ'യില്‍ സ്റ്റാലിന്‍ സംസാരിക്കുകയായിരുന്നു.
തമിഴ്‌നാട്ടിന്റെ ഭാഷ, സ്വത്വം, അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ തുടര്‍ന്നും ശക്തമായ പരിശ്രമം നടത്തുമെന്ന് സ്റ്റാലിന്‍ ഉറപ്പു നല്‍കി. കേന്ദ്രം തമിഴ്‌നാട്ടിനെ പലവിധത്തില്‍ അടിച്ചമര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 'ഹിന്ദി അടിച്ചേല്‍പ്പിക്കല്‍, വിദ്യാഭ്യാസ ഫണ്ടുകള്‍ തടഞ്ഞുവയ്ക്കല്‍, പുരാവസ്തു ഗവേഷണങ്ങളില്‍ ഇടപെടല്‍ എല്ലാം കേന്ദ്രത്തിന്റെ അടിച്ചമര്‍ത്തല്‍ നിലപാടിന്റെ ഉദാഹരണങ്ങളാണ്. ഇപ്പോള്‍ 'എസ്‌ഐആര്‍' വഴി വോട്ട് ചെയ്യാനുള്ള ജനങ്ങളുടെ അവകാശവും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ്,'' സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രത്തില്‍ മൂന്നുതവണ ഭരണം പിടിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനം തമിഴ്‌നാട്ടില്‍ വിജയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.