മഞ്ചേശ്വരം മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയങ്ങളിലെ ശോച്യാവസ്ഥ: സെക്രട്ടേറിയറ്റിന് മുന്നില്‍ ഒറ്റയാള്‍ പോരാട്ടത്തിന് ഹമീദ് ഹൊസങ്കടി

വിഷയം പരിഹരിക്കുന്നതിന് സത്വര ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെയും ജില്ലാ ഭരണകൂടത്തിനെയും പല വട്ടം ബന്ധപ്പെട്ടെങ്കിലും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. അതിനാല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ ഒറ്റയാള്‍ സമരവുമായി എത്തിയിരിക്കുകയാണ്.

Update: 2021-12-07 07:54 GMT

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയങ്ങളിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ പോരാട്ടവുമായി മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് വെല്‍ഫെയര്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ഹൊസങ്കടി. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നിരവധി ഒഴിവുകള്‍ ഉണ്ടായിട്ടും അത് നികത്താതെ സര്‍ക്കാര്‍ മണ്ഡലത്തെ അവഗണിക്കുകയാണ്. ബ്ലോക് ഡവലപ്‌മെന്റ് ഓഫിസര്‍ (1), അസി.എന്‍ജിനീയര്‍ (തദ്ദേശ സ്വയംഭരണം) ബ്ലോക് പഞ്ചായത്ത് ഓഫീസ് (1), ഹെഡ് ക്ലര്‍ക് ബ്ലോക് പഞ്ചായത്ത് ഓഫീസ് (1), ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (1), എ.ഡി അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (1), വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫിസര്‍ (7) തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളിലൊന്നും ഉദ്യോഗസ്ഥരില്ല. ഉദ്യോഗസ്ഥരുടെ അഭാവം മൂലം ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാവുന്നില്ലെന്ന് ഹമീദ് ഹോസ്സങ്കടി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളൊന്നും യഥാസമയം നടപ്പാകുന്നില്ല. സേവനാവകാശം നിയമമാക്കിയ സംസ്ഥാനത്താണ് ഉദ്യോഗസ്ഥരില്ലാത്തതിന്റെ പേരില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ട ഗതികേട്. കേരളത്തിന്റെ വടക്കേ അതിര്‍ത്തി ഗ്രാമത്തിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്വമില്ലാത്ത അവസ്ഥയാണ്. വിഷയം പരിഹരിക്കുന്നതിന് സത്വര ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെയും ജില്ലാ ഭരണകൂടത്തിനെയും പല വട്ടം ബന്ധപ്പെട്ടെങ്കിലും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. അതിനാല്‍ സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു മുമ്പില്‍ ഒറ്റയാള്‍ സമരവുമായി എത്തിയിരിക്കുകയാണ്. ജനജീവിതം ദുസ്സഹമാക്കുന്ന സര്‍ക്കാര്‍ അനാസ്ഥയ്ക്ക് പരിഹാരം കാണാതെ നാളെ (ഡിസംബര്‍ എട്ട്) ആരംഭിക്കുന്ന സമരത്തില്‍ നിന്നു പിന്നോട്ട് പോവുകയില്ലെന്നും ഹമീദ് ഹൊസങ്കടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Tags: