'പരാതികള്‍ ലഭിച്ചിട്ടില്ല, എവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല'; രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി രാജിവച്ചത് മാതൃകാപരം: സണ്ണി ജോസഫ്

കേസുകളുണ്ടായിട്ടും , എഫ്‌ഐആറും ഉണ്ടായിട്ടും ജനപ്രതിനിധി സ്ഥാനത്ത് നിന്ന് രാജിവക്കാത്ത നിരവധി സംഭവങ്ങള്‍ ഇവിടെ ഉണ്ട്'

Update: 2025-08-25 07:27 GMT

തിരുവനന്തപുരം: വാര്‍ത്തകള്‍ വന്നപ്പോള്‍, പരാതികള്‍ക്കും കേസുകള്‍ക്കുമായി കാത്തുനില്‍ക്കാതെ തന്നെ രാഹുല്‍മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി രാജി വെച്ചത് മാതൃകാപരമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണിജോസഫ്. ഇപ്പോള്‍ എടുത്ത തീരുമാനം പാര്‍ട്ടി ഒന്നിച്ചെടുത്തതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിലെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു സണ്ണി ജോസഫ്.

'ഞങ്ങള്‍ക്ക് ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ല, എവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആയതു കൊണ്ടു തന്നെ രാഹുലിന്റെ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പടുന്നതില്‍ യാതൊരു യുക്തിയുമില്ല, അങ്ങനെ ഒരു പാരമ്പര്യവും കേരള രാഷ്ട്രീയത്തില്‍ ഇല്ല. കേസുകളുണ്ടായിട്ടും , എഫ്‌ഐആറും ഉണ്ടായിട്ടും ജനപ്രതിനിധി സ്ഥാനത്ത് നിന്ന് രാജിവക്കാത്ത നിരവധി സംഭവങ്ങള്‍ ഇവിടെ ഉണ്ട്' സണ്ണി ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും കാത്തു സൂക്ഷിക്കാന്‍ മുന്‍കൈയ്യെടുക്കുന്ന പാര്‍ട്ടിയാണെന്നും അതുകൊണ്ടാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ എന്ന നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ടുതന്നെ രാഹുലിന് നിയമസഭാകക്ഷി അംഗത്വവും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. രാഹുലിന്റെ കാര്യത്തിലെടുത്ത തീരുമാനങ്ങള്‍ പ്രതിപകഷനേതാവും കോണ്‍ഗ്രസിലെ മറ്റു നേതാക്കളും ഒന്നിച്ചെടുത്ത തീരുമാനമാണെന്നും . നിലവില്‍ തങ്ങളെ ഉപദേശിക്കുന്ന ആള്‍ക്കാരുടെ മനസിലിരിപ്പ് എന്താണെന്ന് തങ്ങള്‍ക്ക് അറിയാം എന്നും സണ്ണിജോസഫ് കൂട്ടിചേര്‍ത്തു.

Tags: