റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല: ആര്‍ബിഐ പണവായ്പാ നയം പ്രഖ്യാപിച്ചു

Update: 2020-10-09 05:53 GMT

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ ഒരു നിരക്കുകളിലും മാറ്റം വരുത്തേണ്ടെന്ന് ഇന്ന് ചേര്‍ന്ന പണവായ്പാ അവലോകന യോഗം തീരുമാനിച്ചു. രാജ്യത്തെ പൊതു അവസ്ഥ ഭയത്തില്‍ നിന്ന് പ്രതീക്ഷയിലേക്ക് മാറിയതായും പല മേഖലകളും തിരിച്ചുവരവിന്റെ പാതയിലാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. സമ്പദ്ഘടനയില്‍ വിവിധ മേഖലകള്‍ വ്യത്യസത രീതിയിലാണ് പെരുമാറുന്നതെങ്കിലും പൊതു പ്രവണത മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് യോഗത്തിന്റെ പൊതു അഭിപ്രായം.

നിലവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ അഷിമ ഗോയല്‍ ഉള്‍പ്പെടുന്ന പുതുതായി രൂപവത്കരിച്ച ധനനയ സമിതിയുടെ ആദ്യ യോഗമാണിത്. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര, ആര്‍ബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൃദുല്‍ സഗ്ഗര്‍, ഗവര്‍ണര്‍ ശക്തികാന്ത ദാസ്, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ശശങ്ക ഭൈഡെ, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് പ്രൊഫസര്‍ ജയന്ത് വര്‍മ്മ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. എല്ലാവരും നിരക്കുകളില്‍ മാറ്റം വേണ്ടതില്ലെന്ന നിലപാടിന് വോട്ട് ചെയ്തു.

കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ റിപ്പോ നിരക്ക് 4ലും റിവേഴ്‌സ് റിപ്പോ 3.3 ശതമാനത്തിലുമായിരുന്നു നിജപ്പെടുത്തിയിരുന്നത്. ഈ പാദത്തിലും അതുതന്നെ തുടരും. വിതരണശൃംഖലയില്‍ ഇപ്പോഴും അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ പണപ്പെരുപ്പം വര്‍ധിച്ചുതന്നെ നില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നാല്‍ സമ്പദ്ഘടനയ്ക്ക് തിരിച്ചുവരാനുള്ള സാധ്യത വര്‍ധിക്കുമെന്ന് ആര്‍ബിഐ കണക്കുകൂട്ടുന്നു.

2021 ല്‍ ജിജിപിയില്‍ 9.5 ശതമാനത്തിന്റെ കുറവ് വരുമെന്നാണ് ആര്‍ബിഐ പ്രവചനം.

Tags: