''കര്‍ണാടകയില്‍ ക്രിസ്ത്യന്‍ സമുദായത്തിനെതിരേ ആക്രമണമുണ്ടായിട്ടില്ലെന്ന്''; വീഡിയോ കെട്ടിച്ചമച്ചതെന്നും മന്ത്രി

Update: 2021-12-14 19:02 GMT

ബെംഗളൂരു: കര്‍ണാടകയില്‍ ക്രിസ്ത്യന്‍ സമുദായത്തിന് നേരെ മതവിശ്വാസത്തിന്റെ പേരില്‍ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന മുന്‍ ഉപമുഖ്യമന്ത്രിയും ബസവരാജ് ബൊമ്മൈയുടെ മന്ത്രിസഭയിലെ മന്ത്രിയുമായ ഡോ അശ്വത് നാരായണന്‍ പറഞ്ഞു. പള്ളിക്ക് നേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിന്റെ വീഡിയോകള്‍ സംപ്രേഷണം ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചപ്പോള്‍, 'അത് കെട്ടിച്ചമച്ചതാകാം' എന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന മന്ത്രിസഭ മതപരിവര്‍ത്തന വിരുദ്ധ ബില്ലിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതുുതല്‍ പള്ളികള്‍ക്കും ക്രിസ്ത്യന്‍ സമൂഹത്തിനും നേരെ ആക്രമണങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വലതുപക്ഷ ഹിന്ദുത്വ വാദികള്‍ ക്രിസ്ത്യാനികള്‍ക്കെതിരേ ഏഴോളം ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

മതഗ്രന്ഥങ്ങള്‍ കത്തിക്കുകയും ജനക്കൂട്ടം പള്ളികളിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു. മിക്ക കേസുകളിലും, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ബില്ല് വരുന്നതോടെ അക്രമം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുമുണ്ട്.

''പള്ളികള്‍ ആക്രമിക്കപ്പെടുന്നു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. 'ഏറ്റവും സമാധാനപരമായ സംസ്ഥാനമാണ് കര്‍ണാടക. പള്ളികളെയോ ക്രിസ്ത്യാനികളെയോ ആക്രമിക്കുന്ന പ്രശ്‌നമില്ല. അവര്‍ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്''- ഡോ അശ്വത് നാരായണന്‍ പറഞ്ഞു.

Tags: