മുല്ലപ്പെരിയാര്‍ മരംമുറി: നടപടി കേരളത്തിന്റെ നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നത്; ഉത്തരവ് സര്‍ക്കാറിന്റെ അറിവോടെയെന്നും എന്‍കെ പ്രേമചന്ദ്രന്‍
മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്ക് അനുമതി എന്നത് സങ്കീര്‍ണമായ വിഷയമാണ്. ഇത്തരമൊരു വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ എങ്ങനെ തീരുമാനമെടുക്കും
തിരുവനന്തപുരം: വനം മന്ത്രി എകെ ശശീന്ദ്രന്‍ അറിയാതെ മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിക്കാന്‍ അനുമതി നല്‍കിയെന്ന വാദം നിരുത്തരവാദപരമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. മരം മുറി ഉത്തരവ് സര്‍ക്കാറിന്റെ അറിവോടെ തന്നെയാണ്. നടപടി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നതാണ്. മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്ക് അനുമതി എന്നത് സങ്കീര്‍ണമായ വിഷയമാണ്. ഇത്തരമൊരു വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ എങ്ങനെ തീരുമാനമെടുക്കുമെന്നും എന്‍കെ പ്രേമചന്ദ്രന്‍ ചോദിച്ചു.
ബേബിഡാമിലെ മരം മുറി വിവാദം ഗുരുതര വീഴ്ച്ചയെന്നായിരുന്നു വനം മന്ത്രി എകെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ ആയിരുന്നു പ്രേമചന്ദ്രന്റെ പരാമര്‍ശം.
മുല്ലപെരിയാറും ബേബി ഡാമും രാഷ്ട്രീയ ചര്‍ച്ച നടക്കുന്ന വിഷയങ്ങളായതിനാല്‍ തന്നെ അത്തരമൊരു വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അത് ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ആലോചിച്ചാല്‍ മതിയാകില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ഫോറസ്റ്റ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മരംമുറിക്കേണ്ട അടിയന്തിര സാഹചര്യമുണ്ടായിരുന്നെങ്കില്‍ അത് സര്‍ക്കാരിനെ ബോധിപ്പിക്കേണ്ട ബാധ്യതയുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയോ, ഇറിഗേഷന്‍ വകുപ്പോ, വനം വകുപ്പോ ഇത് അറിഞ്ഞിട്ടില്ല. അത് ഗുരുതര വീഴ്ച്ചയാണ്. കൂടുതല്‍ കാര്യങ്ങള്‍ സാഹചര്യം മനസിലാക്കിയ ശേഷം പ്രതികരിക്കാം. സാധാരണ രീതിയിലുള്ള ഒരു മരം മുറിയാണെങ്കില്‍ ഉദ്യോഗസ്ഥ തലത്തില്‍ അനുമതി നല്‍കാം. എന്നാല്‍ മുല്ലപ്പെരിയാറോ ബേബി ഡാമോ അങ്ങനെയല്ല. തമിഴ്‌നാടുമായി നല്ല ബന്ധമാണ്. അത് നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളത്തിന് നന്ദി അറിയിച്ചു വാര്‍ത്താക്കുറുപ്പ് പുറത്തിറക്കിയതോടെയാണ് മരം മുറിക്ക് കേരളം അനുമതി നല്‍കിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇത് വനം മന്ത്രി അറിഞ്ഞിരുന്നില്ല. മുല്ലപെരിയാര്‍ റിസര്‍വോയറിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതിലാണ് സ്റ്റാലിന്‍ കേരള സര്‍ക്കാരിന് നന്ദി അറിയിച്ചത്. ഇതോടെ ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം നീങ്ങിയെന്ന് തമിഴ്‌നാട് അറിയിച്ചു. ഡാം ബലപ്പെടുത്താന്‍ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുമതി നല്‍കണമെന്ന് നേരത്തെ തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.
എംകെ സ്റ്റാലിന്റെ നന്ദികുറുപ്പ്
ബേബി ഡാമും എര്‍ത്ത് ഡാമും ശക്തിപ്പെടുത്തുന്നതിന് ഈ ദീര്‍ഘകാല അഭ്യര്‍ത്ഥന നിര്‍ണായകമായിരുന്നു. അനുമതി നല്‍കിയതോടെ ഇനി നടപടികള്‍ ആരംഭിക്കാം. ഈ അനുമതി നല്‍കിയതിന് എന്റെ സര്‍ക്കാരിന്റെയും തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലെ ജനങ്ങളുടെയും പേരില്‍ നന്ദി അറിയിക്കുന്നു. ഇത് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഈ മനോഭാവം തുടരുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.

