നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസ്സില്‍ സ്ത്രീകളെ മയക്കി വന്‍ കവര്‍ച്ച; അന്തര്‍സംസ്ഥാന മോഷ്ടാവിന്റെ ചിത്രം പുറത്ത് വിട്ട് റെയില്‍വേ പോലിസ്

മോഷ്ടാവിനെ കുറിച്ച് റയില്‍വേ പോലിസിന് സൂചന ലഭിച്ചതായാണ് വിവരം. അന്തര്‍സംസ്ഥാന മോഷ്ടാവ് അക്‌സര്‍ ബക് ഷാ ആണ് മയക്കുമരുന്നു നല്‍കി മോഷണം നടത്തിയതിന് പിന്നിലെന്നാണ് പോലിസിന് ലഭിക്കുന്ന ആദ്യ സൂചന

Update: 2021-09-12 08:36 GMT

തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസ്സില്‍ വന്‍ കവര്‍ച്ച. മൂന്ന് വനിതാ യാത്രക്കാരെ അജ്ഞാതന്‍ മയക്കി കിടത്തിയ ശേഷമായിരുന്നു കൊള്ള. തിരുവല്ല സ്വദേശികളായ വിജയകുമാരി, മകള്‍ അഞ്ജലി, കോയമ്പത്തൂര്‍ സ്വദേശിനി കൗസല്യ എന്നിവരെയാണ് മയക്കി സ്വര്‍ണവും ഫോണുകളും കവര്‍ന്നത്.

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ തീവണ്ടിയില്‍ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാര്‍ ഇവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലിസ് ഇരുവരേയും തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, മോഷ്ടാവിനെ കുറിച്ച് റയില്‍വേ പോലിസിന് സൂചന ലഭിച്ചതായാണ് വിവരം. അന്തര്‍ സംസ്ഥാന മോഷ്്ടാവ് അക്‌സര്‍ ബക് ഷാ ആണ് മയക്കുമരുന്നു നല്‍കി മോഷണം നടത്തിയതെന്നാണ് പോലിസ് ലഭിക്കുന്ന ആദ്യ സൂചന. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് റയില്‍വേ പോലിസ് ഈ നിഗമനത്തിലെത്തുന്നത്.

വിജയകുമാരിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് അജ്ഞാത സംഘം കവര്‍ന്നത്. നിസ്സാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.

രാവിലെ യാത്രക്കാര്‍ ഇറങ്ങിയ ശേഷം ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്. മറ്റൊരു ബോഗിയിലാണ് കൗസല്യയെ കണ്ടെത്തിയത്. കൗസല്യ കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.


Tags: