ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രിക കത്തിച്ച് നിസാമാബാദ് മഞ്ഞള്‍ കര്‍ഷകര്‍

Update: 2021-03-25 18:44 GMT

നിസാമാബാദ്: ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് തെലങ്കാന നിസാമാബാദിലെ മഞ്ഞള്‍ കര്‍ഷകര്‍ ബിജെപിയുടെ പ്രകടനപത്രിക കത്തിച്ചു. അര്‍മൂറിലെ മഞ്ഞള്‍കര്‍ഷകരാണ് മഞ്ഞള്‍ ബോര്‍ഡുമായി ബന്ധപ്പെട്ട് ഇരട്ടത്താപ്പ് കാണിക്കുന്ന ബിജെപിയുടെ തമിഴ്‌നാട്ടിലെ പ്രകടനപത്രിക കത്തിച്ചത്.

ഒരു മഞ്ഞള്‍ ബോര്‍ഡ് രൂപീകരിക്കാനുള്ള തെലങ്കാനയുടെ ആവശ്യം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ മഞ്ഞള്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന തമിഴ്‌നാട് പ്രകടനപത്രികയിലെ വാഗ്ദാനമാണ് തെലങ്കാനയിലെ കര്‍ഷകരെ പ്രകോപിപ്പിച്ചത്.

മഞ്ഞളിന്റെയും മറ്റ് സുഗന്ധദൃവ്യങ്ങളുടെയും കയറ്റുമതി വര്‍ധിപ്പിക്കാന്‍ നിസാമാബാദില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു റീജ്യനല്‍ ഓഫിസ് പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

നാളികേര വികസന ബോര്‍ഡിനു സമാനമായി മഞ്ഞള്‍ ബോര്‍ഡ് രൂപീകരിക്കുമെന്നാണ് തമിഴ്‌നാട് ബിജെപിയുടെ വാഗ്ദാനം.

11.53 ലക്ഷം ടണ്‍ വാര്‍ഷിക ഉദ്പാദനം നടത്തുന്ന മഞ്ഞള്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു വിളയാണെന്നും ലോകത്തെ 78 ശതമാനവും മഞ്ഞള്‍ ഇന്ത്യയിലാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.

തെലങ്കാനയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മഞ്ഞള്‍ ഉദ്പാദിപ്പിക്കുന്നത്, 3.86 ലക്ഷം ടണ്‍. മൊത്തം 1.37 ലക്ഷം ഏക്രയിലാണ് കൃഷി നടത്തുന്നത്.

തെലങ്കാനയിലെ ഏറ്റവും കൂടുതല്‍ മഞ്ഞള്‍ കൃഷി നടക്കുന്ന പ്രദേശമാണ് നിസാമാബാദ് ജില്ല.

മഞ്ഞള്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ബിജെപി 2019 തിരഞ്ഞെടുപ്പിനെ നേരിട്ടത്.

Tags: