2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം യോജിച്ച് പോരാടുമെന്ന് നിതീഷ് കുമാര്‍

Update: 2022-09-03 12:03 GMT

പട്‌ന: 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് പോരാടുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. അഞ്ച് ജെഡിയു എംഎല്‍എമാര്‍ മണിപ്പൂരില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന സാഹചര്യത്തിലാണ് നിതീഷിന്റെ പ്രതികരണം.

'ഞങ്ങള്‍ എന്‍ഡിഎയില്‍ നിന്ന് വേര്‍പിരിഞ്ഞപ്പോള്‍ മണിപ്പൂരിലെ ഞങ്ങളുടെ ആറ് എം.എല്‍.എമാരും ഞങ്ങളെ വന്നു കണ്ടു. ജെ.ഡി.യുവിനൊപ്പമാണെന്ന് അവര്‍ ഉറപ്പുനല്‍കി. എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കണം. അവര്‍ എം.എല്‍.എമാരെ പാര്‍ട്ടികളില്‍ നിന്ന് വേര്‍പെടുത്തുകയാണ്, ഇത് ഭരണഘടനാപരമാണോ?,'- നിതീഷ് ചോദിച്ചു.

2024 തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാവുമെന്നും നിതീഷ് പ്രതീക്ഷപ്രകടപ്പിച്ചു.

വെള്ളിയാഴ്ച അഞ്ച് ജനതാദള്‍ (യുണൈറ്റഡ്) എംഎല്‍എമാര്‍ ബിജെപിയില്‍ ലയിച്ചത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും പാര്‍ട്ടിക്കും വലിയ തിരിച്ചടിയായിരുന്നു. നിയമസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം അഞ്ച് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത് കൂറുമാറ്റ നിരോധനനിയമത്തിന്റെ പരിധിയില്‍ വരില്ല.

ജോയ്കിഷന്‍ സിംഗ്, നഗര്‍സാംഗ്ലൂര്‍ സനേറ്റ്, എംഡി അച്ചാബ് ഉദ്ദീന്‍, തങ്ജം അരുണ്‍കുമാര്‍, എല്‍.എം. ഖൗട്ടെ എന്നിവരാണ് പാര്‍ട്ടി വിട്ടത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 അംഗ സംസ്ഥാന നിയമസഭയില്‍ ബിജെപി 32 സീറ്റുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.

Tags:    

Similar News