നിതിന്‍ രാജിന്റെ മരണം; അധ്യാപകനെതിരേ കൂടുതല്‍ ആരോപണവുമായി വിദ്യാര്‍ഥികള്‍

Update: 2026-04-14 09:21 GMT

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണത്തില്‍ അധ്യാപകനെതിരേ കൂടുതല്‍ ആരോപണവുമായി വിദ്യാര്‍ഥികള്‍. ഡോ. റാമിന്റെ ഭാഗത്തു നിന്നു വിദ്യാര്‍ഥികള്‍ക്ക് മോശം അനുഭവമുണ്ടായെന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. ശരീരഘടന വച്ചും നിറം നോക്കിയും ബോഡി ഷെയിമിങിനിരയായെന്ന് അവര്‍ പറയുന്നു. അതേസമയം ലോണ്‍ ആപ്പ് ഭീഷണി കാരണമാണ് നിതിന്‍ രാജ് മരിച്ചതെന്നാണ് കോളജ് അധികൃതരുടെ വാദം.

എന്നാല്‍, ലോണ്‍ ആപ്പ് ഭീഷണി കാരണം സഹോദരന്‍ ആത്മഹത്യ ചെയ്യില്ലെന്ന് നിതിന്‍ രാജിന്റെ സഹോദരി പറഞ്ഞു. ആത്മഹത്യക്കു പുറകില്‍ അധ്യാപകരാണെന്നാണ് സഹോദരിയും പറയുന്നത്. നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നിതിന്‍ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടെന്ന് ദൃക്സാക്ഷികളുടെ മൊഴിയും പോലിസിന് കിട്ടിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഓഫീസില്‍ വച്ച് നിതിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.

Tags: