എന്‍ഐടി കുരുക്ഷേത്രയില്‍ വീണ്ടും ആത്മഹത്യ; രണ്ടു മാസത്തിനിടെ നാലാമത്തെ മരണം
കുരുക്ഷേത്ര: ഹരിയാനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) കുരുക്ഷേത്ര കാംപസില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍. ബിഹാറിലെ ബക്‌സര്‍ സ്വദേശിയായ 20കാരനാണ് മരിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കാംപസില്‍ റിപോര്‍ട്ട് ചെയ്യുന്ന നാലാമത്തെ ആത്മഹത്യയാണിത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. എല്‍എന്‍ജെപി ആശുപത്രിയില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.
ഫെബ്രുവരി 16, മാര്‍ച്ച് 31, ഏപ്രില്‍ എട്ട് തിയ്യതികളിലും കാംപസില്‍ സമാന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിക്കുമ്പോഴും ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായി സഹായം ലഭ്യമാക്കുന്നതില്‍ സ്ഥാപനത്തിന് വീഴ്ച സംഭവിച്ചതായും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. സമഗ്ര അന്വേഷണം നടത്തുക, കൗണ്‍സിലിങ് സേവനങ്ങള്‍ ശക്തിപ്പെടുത്തുക, അടിയന്തര സഹായ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യങ്ങള്‍. അക്കാദമിക് സമ്മര്‍ദം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കുടുംബ പ്രതീക്ഷകള്‍ എന്നിവ കാരണം വിദ്യാര്‍ഥികള്‍ കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നതായും അവര്‍ പറഞ്ഞു.
ഹോസ്റ്റലുകളില്‍ സ്‌ട്രെസ് മാനേജ്‌മെന്റ് പരിപാടികള്‍, മാനസികാരോഗ്യ ബോധവല്‍കരണം, സിസിടിവി നിരീക്ഷണം ശക്തമാക്കല്‍ തുടങ്ങിയ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ഏപ്രില്‍ 17 മുതല്‍ മെയ് നാലു വരെ 'പ്രിപ്പറേറ്ററി ഹോളിഡേയ്‌സ്' പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, സിലബസ് പൂര്‍ത്തിയാക്കാതെയുള്ള അവധി പ്രഖ്യാപനം വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുന്നു.
സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതി അടുത്ത ആഴ്ച ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിക്കും. ഭരണനിര്‍വഹണവും വിദ്യാര്‍ഥി പിന്തുണാ സംവിധാനങ്ങളും സമിതി പരിശോധിക്കും. വിദ്യാര്‍ഥി ആത്മഹത്യകള്‍ തടയുന്നതിനായി സുപ്രിംകോടതി 2025 മാര്‍ച്ചില്‍ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും 2026 ജനുവരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

