നിപ പ്രതിരോധവും മുന്നൊരുക്കങ്ങളും: ശില്പശാല 12ന്

Update: 2022-05-10 17:14 GMT

കോഴിക്കോട്: നിപ മഹാമാരി കാലത്ത് കേരളം കടന്നുപോയ വഴികള്‍, ഫലപ്രദമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ പങ്കുവെക്കുന്നതിനും ഭാവിയില്‍ ഇത്തരം മഹാമാരികളെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി 12ന് ശില്പശാല സംഘടിപ്പിക്കുന്നു. വെള്ളിമാടുകുന്നിലുള്ള ജെന്‍ഡര്‍ പാര്‍ക്കില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

ആരോഗ്യരംഗത്ത് ഏറെ വെല്ലുവിളികള്‍ സൃഷ്ടിച്ച ഒന്നായിരുന്നു കോഴിക്കോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ വൈറസ് വ്യാപനം. ആരോഗ്യവകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടേയും പൊതുജനങ്ങളുടേയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വൈറസ് വ്യാപനം ഫലപ്രദമായി തടയാന്‍ സാധിച്ചത്.

ചടങ്ങില്‍ അഡീ. ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ഐ.എ.എസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. വി.ആര്‍. രാജു, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍. എന്‍. ഖോബ്രഗഡെ ഐ.എ.എസ്, ആരോഗ്യകേരളം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ ഐ.എ.എസ്, ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവര്‍ പങ്കെടുക്കും.

Tags:    

Similar News