കൊവിഡ് കാരണം മരിച്ചവരില്‍ 97 ശതമാനവും വാക്‌സിന്‍ എടുക്കാത്തവര്‍

നിലവില്‍ കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗങ്ങളിലും വെന്റിലേറ്ററുകളിലും കഴിയുന്ന 98ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്താത്തവരാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

Update: 2021-09-09 04:46 GMT

കോഴിക്കോട്: കൊവിഡ് കാരണം മരണപ്പെടുന്നവരില്‍ അധികവും വാക്‌സിന്‍ എടുക്കാത്തവര്‍ ആണെന്ന് പഠന റിപോര്‍ട്ട്. കഴിഞ്ഞ രണ്ടര മാസത്തിനിടെ സംഭവിച്ച കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഇത് വ്യക്തമാക്കുന്നത്. കൊവിഡ് വന്ന് വരിച്ചവരില്‍ 97 ശതമാനവും വാക്‌സിന്‍ എടുത്തിരുന്നില്ല എന്നാണ് പഠന റിപോര്‍ട്ട്. ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയുള്ള കാലയളവിലെ മരണങ്ങളാണ് ആരോഗ്യവകുപ്പ് പഠന വിധേയമാക്കിയത്. ഇതനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ച 9195പേരില്‍ 8290പേരും വാക്‌സിന്‍ ഒരു ഡോസ് പോലും എടുത്തിരുന്നില്ല.


നിലവില്‍ കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗങ്ങളിലും വെന്റിലേറ്ററുകളിലും കഴിയുന്ന 98ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്താത്തവരാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. വാക്‌സിന്‍ എടുത്തവരില്‍ ചികിത്സയിലുള്ളത് ആന്റിബോഡി ഉല്‍പാദനം നടക്കാത്ത രീതിയില്‍ മറ്റ് ഗുരുതര രോഗമുള്ളവരാണ്. ഇത് വെറും രണ്ട് ശതമാനം മാത്രമാണ്.


ആരോഗ്യ വകുപ്പിന്റെ പഠന റിപോര്‍ട്ട് അനുസരിച്ച് ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുത്ത 700പേരാണ് കൊവിഡ് വന്ന് മരിച്ചത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത 200പേരും മരിച്ചു. ഇവരില്‍ ഭൂരിഭാഗം പേരും മുന്‍പുതന്നെ പ്രമേഹം , രക്ത സമ്മര്‍ദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവക്ക് ചികിത്സയിലായിരുന്നു.ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.


കഴിഞ്ഞ രണ്ടരമാസത്തിനിടെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് തൃശൂരിലാണ്. ഇവിടെ മരിച്ചവരില്‍ 1021 പേരും ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്തിരുന്നില്ല. ഏറ്റവും കുറവ് കൊവിഡ് മരണം രേഖപ്പെടുത്തിയത് വയനാട്ടിലാണ്. ഇവിടെ 130 പേരാണ് ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ കൊവിഡ് ബാധിച്ച് മരിച്ചത്.




Tags:    

Similar News