ഒന്‍പതു വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം: കുടുംബം പരാതിയുമായി വികസന വകുപ്പിലേക്ക്
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിനിയും ഒന്‍പതു വയസ്സുകാരിയുമായ വിനോദിനിക്ക് വിദഗ്ധ ചികില്‍സയും തുടര്‍ന്നുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കുടുംബം പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍ക്ക് പരാതി നല്‍കി. ചികില്‍സാപ്പിഴവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയുടെ ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ മാതാവ് പ്രസീദ നല്‍കിയ പരാതിയില്‍ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേ ചികില്‍സയ്ക്ക് ശേഷം 20 ദിവസം മുന്‍പാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. അണുബാധ നീക്കുന്നതിനായി നാലു ശസ്ത്രക്രിയകള്‍ നടത്തി. കൃത്രിമകൈ സ്ഥാപിക്കുന്നത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഇപ്പോഴും കാര്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും കുടുംബം പറഞ്ഞു. പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ തുടങ്ങിയിട്ടില്ല. കൂലിപ്പണി ചെയ്താണ് കുടുംബം കഴിയുന്നതെന്നും ചികില്‍സാകാര്യങ്ങളും വിദ്യാഭ്യാസ കാര്യങ്ങളും പ്രയാസത്തിലാണെന്നും പിതാവ് വിനോദ് പറഞ്ഞു.
സെപ്റ്റംബര്‍ 24നായിരുന്നു സംഭവം. വീട്ടില്‍ കളിക്കുന്നതിനിടെ വിനോദിനിക്ക് കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം ചിറ്റൂര്‍ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും കുട്ടിയെ എത്തിച്ചു. പരിശോധനയില്‍ രണ്ട് എല്ലുകള്‍ പൊട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്ലാസ്റ്റര്‍ സ്ലാബിട്ടു ഡിസ്ചാര്‍ജ് ചെയ്തു. അടുത്ത ദിവസം ഒപി വിഭാഗത്തില്‍ വരുമ്പോഴും കുട്ടിക്ക് കൈ വിരലുകള്‍ നീക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 30നു തിരിച്ചെത്തുമ്പോള്‍ കൈയിലെ രക്തയോട്ടം നിലച്ച നിലയിലായിരുന്നു. പഴുപ്പ് ഗുരുതരമായി വ്യാപിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ റഫര്‍ ചെയ്തു. തുടര്‍ന്നാണ് കുട്ടിയുടെ കൈ ഭാഗികമായി മുറിച്ചുമാറ്റിയത്. സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡിഎംഒയുടെ പ്രാഥമിക അന്വേഷണത്തില്‍ ചികില്‍സാ വീഴ്ചയില്ലെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ റെസിഡന്റ് ഡോ. മുസ്തഫയെയും കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസിനെയും സസ്‌പെന്‍ഡ് ചെയ്തു. ആശുപത്രി സൂപ്രണ്ട് പി ഡി ജോസഫ് അടക്കമുള്ളവര്‍ക്കെതിരേ നല്‍കിയ പരാതിക്ക് പിന്നാലെ ഡോക്ടര്‍മാര്‍ക്കെതിരേ കേസ് എടുക്കാന്‍ പാലക്കാട് മൂന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
