ഒമ്പതു വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
പാലക്കാട്: ഒമ്പതു വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. രണ്ടുലക്ഷം രൂപയാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് തുക അനുവദിച്ചത്. എന്നാല്‍ ഈ തുക ചികില്‍സക്ക് തികയില്ലെന്ന് കുടുംബം പറഞ്ഞു.
സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് ഒമ്പതു വയസുകാരി വിനോദിനിയുടെ കൈക്ക് പരിക്ക് പറ്റിയത്. സെപ്റ്റംബര്‍ 24നായിരുന്നു അപകടം. അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു.
സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലാശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ധനസഹായം ലഭ്യമാക്കണമെന്നുമുള്ള കുടുംബത്തിന്റെ ആവശ്യം അംഗീകിച്ചിരുന്നില്ല. നിരന്തരമായ ആവശ്യത്തിനുപിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.