നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ; മുംബൈയില്‍ ഒന്‍പതുവയസുകാരി മരിച്ചു

Update: 2026-03-24 06:34 GMT

മുംബൈ: നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധയേറ്റ് മുംബൈയില്‍ 9 വയസുകാരി മരിച്ചു. മുംബൈ മദര്‍ മേരി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ കാശിഷ് സഹാനിയാണ് മരിച്ചത്. അഞ്ചുമാസം മുമ്പാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. അന്ന് കുട്ടിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രോഗ ലക്ഷണങ്ങള്‍ തുടങ്ങി. ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.

ആറ് മാസം മുമ്പ് തന്റെ മുത്തച്ഛനോടൊപ്പം നടക്കുമ്പോഴാണ് കാശിഷിന്റെ കൈയില്‍ തെരുവുനായ മാന്തിയത്. അടുത്ത ദിവസം കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി ഇഞ്ചക്ഷനെയും സൂചികളെ ഭയപ്പെട്ടതിനാല്‍ തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

അടുത്തിടെ, കാശിഷിന്റെ ആരോഗ്യം പെട്ടെന്ന് വഷളാവുകയായിരുന്നു. ഭക്ഷണവും വെള്ളവും കഴിക്കുന്നത് നിര്‍ത്തുകയും കണ്ണുകളില്‍ വ്യക്തമായ ചുവപ്പ് നിറം കാണപ്പെടുകയുമായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം റാബിസ് അണുബാധയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Tags: