ബെംഗളൂരു: ഒമ്പത് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ നായകനഹട്ടിയിലെ ശ്രീഗുരു തിപ്പേരുദ്രസ്വാമി റെസിഡന്‍ഷ്യല്‍ വേദ സ്‌കൂളിലെ അധ്യാപകന്‍ വീരേഷ് ഹിരാമത്താണ് അറസ്റ്റിലായത്.
മറ്റൊരാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുത്തശ്ശിയെ വിളിച്ചതിനാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത്. എന്തിന് വിളിച്ചു, ആരോട് ചോദിച്ചിട്ട് വിളിച്ചു, എന്നീ ചോദ്യങ്ങളോടൊപ്പം കുട്ടിയെ ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്തു. നിലവിളിച്ചും കരഞ്ഞും രക്ഷപെടാന്‍ ശ്രമിച്ച കുട്ടിയോട് അധ്യാപകന്‍ അട്ടഹാസത്തോടെ പെരുമാറുകയായിരുന്നു.
എട്ടുമാസം മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് അടുത്തിടെയാണ്. അതിനുശേഷം വിദ്യാര്‍ഥി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി പോയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് തന്നെ അധ്യാപകനെതിരെ പോലിസില്‍ പരാതി നല്‍കി. ഒളിവില്‍ പോയ അധ്യാപകനെ കലാബുറഗിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇതോടെ സ്‌കൂള്‍ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. ഗുരു തിപ്പെ രുദ്രസ്വാമി ക്ഷേത്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മുപ്പതോളം വിദ്യാര്‍ഥികളുണ്ടായിരുന്നു. എന്നാല്‍ അധ്യാപകന്റെ ക്രൂരതയും ഭീഷണിയും കാരണം ഇപ്പോള്‍ പത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് പഠനം തുടരുന്നത്.
