വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കൂട്ടക്കൊല; ഒമ്പതുപേര്‍ കൊല്ലപ്പെട്ടു

Update: 2024-08-28 11:18 GMT

ഗസ: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ കര-വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. തുബാസിലെ ഫാറ അഭയാര്‍ഥി ക്യാംപില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ മാത്രം നാല് പേര്‍ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് സൊസൈറ്റി ആംബുലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2002ന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. നൂറു കണക്കിന് സൈനികരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് ഇസ്രായേലിന്റെ ഔദ്യോഗിക റേഡിയോ അറിയിച്ചു. ആംബുലന്‍സുകള്‍ അപകടസ്ഥലത്തേക്ക് പോവുന്നത് ഇസ്രായേല്‍ സൈന്യം തടയുന്നതിനാല്‍ പ്രദേശത്തെത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് റെഡ് ക്രസന്റ് അറിയിച്ചു. രണ്ട് പേര്‍ ജെനിനിലും മൂന്ന് പേര്‍ സെയ്ര് ഗ്രാമത്തില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയിലുമാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മധ്യഗസയിലെ ഡെയ്‌റല്‍ ബലാഹിലും ഖാന്‍ യൂനിസിലും അടുത്തിടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 20ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

    അതിനിടെ, ഗസയില്‍ പോളിയോ റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ കുട്ടികള്‍ക്കിടയില്‍ ചര്‍മ രോഗവും ആശങ്കയുണ്ടാക്കുകയാണ്. ഖാന്‍ യൂനിസിലെ ശുചിത്വ സേവനങ്ങളുടെ അഭാവമാണ് കുട്ടികള്‍ക്കിടയില്‍ ചര്‍മ രോഗം പടരാന്‍ കാരണമെന്ന് അന്താരാഷ്ട്ര ആരോഗ്യ ഗ്രൂപ്പുകള്‍ പറയുന്നു. 'ജീവിത സാഹചര്യം വളരെ ബുദ്ധിമുട്ടാണ്. ദിവസവും 300 മുതല്‍ 400 വരെ ആളുകള്‍ ചികില്‍സയ്‌ക്കെത്തുന്നുണ്ട്. ഇതില്‍ 200 ഓളം കേസുകള്‍ ചര്‍മ രോഗവുമായി ബന്ധപ്പെട്ടതാണെന്ന് ശിശുരോഗ വിദഗ്ധന്‍ ഡോ. യൂസഫ് സലാഫ് അല്‍ ഫര്‍റ പറഞ്ഞു. ചര്‍മ രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: