കാര്‍ കിണറ്റില്‍ വീണ് ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

Update: 2026-04-04 06:33 GMT

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ കാര്‍ കിണറ്റില്‍ വീണ് ഒരേ കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു. മരിച്ചവരില്‍ ആറു പേര്‍ കുട്ടികളാണ്. നാസിക്കില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള ദിന്‍ഡോരി താലൂക്കിലാണ് സംഭവം. ശിവാജിനഗറില്‍ നടന്ന ഒരു കുടുംബ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്‍ഡോറില്‍ നിന്നുള്ള സുനില്‍ ദത്താത്രേയ ദര്‍ഗോഡും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.

സുനില്‍ ദത്താത്രേയ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വെള്ളം നിറഞ്ഞ കിണറ്റിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും വെള്ളം നിറഞ്ഞ കിണറായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ ഏറെ ബുദ്ധിമുട്ടാക്കി. പോലിസ്, അഗ്‌നിശമന സേന, സംസ്ഥാനദേശീയ ദുരന്ത നിവാരണ സേനകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം ക്രെയിന്‍ ഉപയോഗിച്ച് വാഹനം പുറത്തെടുത്തു. കാറില്‍ നിന്ന് ഒന്‍പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

സുനില്‍ ദത്താത്രേയ ദര്‍ഗോഡ് (34), ഭാര്യ രേഷ്മ (30), മകള്‍ രാഖി എന്ന ഗുന്‍വന്തി (10), മരുമകള്‍ മാധുരി (13), ശ്രാവണി (11), ആശ അനില്‍ ദര്‍ഗോഡ് (32), മകന്‍ ശ്രേയാഷ് (11), മകള്‍ സൃഷ്ടി (14), മരുമകള്‍ സമൃദ്ധി (7) എന്നിവരാണ് മരിച്ചത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags: