നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി. ഭരണപക്ഷത്തെ സഹായിക്കാന്‍ താല്‍ക്കാലിക ജീവനകാരനും. സംഘര്‍ഷത്തെ തുടര്‍ന്ന് ബജറ്റ് ചര്‍ച്ച് അവസാനിപ്പിച്ച് യോഗം പിരിഞ്ഞു. വെള്ളിയാഴ്ച്ച മൂന്നു മണിയോടെയാണ് സംഭവം. നിലമ്പൂര്‍ നഗരസഭയില്‍ 2022-23 വര്‍ഷത്തേക്കുള്ള എല്‍ഡിഎഫ് ഭരണസമിതിയുടെ ബജറ്റ് അവതരണത്തിന് ശേഷം നടന്ന ചര്‍ച്ചക്കിടെയാണ് ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. ഒന്നാം കൊവിഡ് സമയത്ത് വെളിയതോടുള്ള കൊവിഡ് ചികില്‍സ കേന്ദ്രത്തില്‍ വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം നല്‍കിയ സംഭവത്തില്‍ അന്നത്തെ ചെയര്‍പേഴ്‌സണ്‍ മാപ്പു പറഞ്ഞിട്ടുണ്ടെന്ന എല്‍ ഡി.എഫ് അംഗത്തിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ നടുക്കളത്തിലിറങ്ങിയത്. ഇതോടെ ഭരണപക്ഷ അംഗങ്ങളും നടുക്കളത്തിലിറങ്ങിയതോടെ ഇരുവിഭാഗവും തമ്മില്‍ പോര്‍വിളികളും ഉന്തും തള്ളും ഉണ്ടായി. ഇതിനിടയില്‍ താല്‍ക്കാലിക ജീവനക്കാരനും കോണ്‍ഗ്രസ് അംഗങ്ങളെ നേരിടുന്നതില്‍ പങ്കാളിയായി. ജനതാദള്‍ എസ് അംഗം ഇസ്മയില്‍ എരഞ്ഞിക്കല്‍ ഇരുവിഭാഗങ്ങളെയും മാറ്റി നിറുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ അക്രമിക്കാന്‍ നടത്തിയ ശ്രമമാണ് എല്‍ഡിഎഫ് അംഗങ്ങള്‍ തടഞ്ഞതെന്ന് നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം പറഞ്ഞു, തങ്ങളുടെ കൗണ്‍സിലര്‍മാരെ ജാതിപേര് പറഞ്ഞ് ആക്ഷേപിച്ചതായും ചെയര്‍മാന്‍ ആരോപിച്ചു. നിലമ്പൂര്‍ നഗരസഭയുടെ ജനക്ഷേമകരമായ ബജറ്റിനെ എതിര്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് അംഗങ്ങള്‍ ബോധപൂര്‍വ്വമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്. തന്നെ ആക്രമിക്കാനുള്ള നീക്കം തടയാന്‍ എല്‍ഡിഎഫ് അംഗങ്ങള്‍ തയാറായപ്പോഴാണ് പ്രതിപക്ഷം ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നത്. താല്‍ക്കാലിക ജീവനക്കാരന്‍ കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ എന്തിന് പങ്കാളിയായി എന്ന ചോദ്യത്തിന് അപ്പോഴത്തെ സാഹചര്യത്തില്‍ ഇടപ്പെട്ടതാകാമെന്നും ചെയര്‍മാന്‍ പറഞ്ഞു. വനിതാ അംഗങ്ങളെ മുന്നില്‍ നിറുത്തി ഒരു സംഘര്‍ഷത്തിനാണ് കോണ്‍ഗ്രസ് മുതിര്‍ന്നതെന്നും അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ചെയര്‍മാനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതിപക്ഷ അംഗങ്ങള്‍ക്ക് നേരെ ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്നത് ബോധപൂര്‍വ്വമായ ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് പറഞ്ഞു. ഇതു സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിലെ പുരുഷ കൗണ്‍സിലര്‍മാരും താല്‍ക്കാലിക ജീവനക്കാരും ചേര്‍ന്നാണ് വനിത കൗണ്‍സിലര്‍മാരെ കൈകാര്യം ചെയ്യതതെന്നും, ജനാധിപത്യ മര്യാദകളുടെ ലംഘനത്തിനാണ് ചെയര്‍മാനും കൂട്ടരും കൂട്ടുനിന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 10 വര്‍ഷം നിലമ്പൂര്‍ പഞ്ചായത്തിലും നഗരസഭയിലുമായി യു.ഡി.എഫ് ഭരണത്തിന് നേതൃത്വം നല്‍കിയ മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥിനെ അപമാനിക്കുന്ന രീതിയില്‍ എല്‍ഡിഎഫ് അംഗം സംസാരിച്ചതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യതതെന്നും കോണ്‍ഗ്രസ് അംഗം ഷേര്‍ളിമോളും പറഞ്ഞു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു.

