ചാരവൃത്തി; എന്‍ ഐഎ റെയ്ഡ് നടത്തിയത് കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളില്‍

കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്തവരിൽ ബിഎംഎസ് പ്രവർത്തകനും

Update: 2024-08-29 14:56 GMT

ന്യൂഡല്‍ഹി: പാകിസ്ഥാനു വേണ്ടി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തിയത് കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍. ബുധനാഴ്ചയാണ് എന്‍ഐഎ സംഘം തിരച്ചില്‍ നടത്തിയത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു.

കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്തവരിൽ ബിഎംഎസ് പ്രവർത്തകനുമുണ്ട്. കരാർ ജീവനക്കാരായ രണ്ടു പേരെയാണ് കസ്റ്റഡിയിലെടുത്തത്. കപ്പൽശാലയിലെ വെൽഡർ കം ഫിറ്ററായ ബി എം എസ് പ്രവർത്തകൻ തിരുവനന്തപുരം അരുമാനൂർ സ്വദേശി അഭിഷേക്, എറണാകുളം കടമ്മക്കുടി സ്വദേശിയായ ട്രെയിനി ജീവനക്കാരൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പാകിസ്താനു വേണ്ടി ഇന്ത്യയില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ പണം കൈപ്പറ്റിയവരുമായി കസ്റ്റഡിയിലുള്ളവര്‍ക്ക് ബന്ധമുണ്ടെന്നാണ് എന്‍ ഐഎ പറയുന്നത്. ഗുജറാത്ത്, കര്‍ണാടക, കേരളം, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളിലെ 16 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്ന് എന്‍ ഐഎ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

    ആന്ധ്രാപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ 2021 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2023 ജൂലൈയിലാണ് എന്‍ഐഎ ഏറ്റൈടുത്തത്. റെയ്ഡില്‍ 22 മൊബൈല്‍ ഫോണുകളും തന്ത്രപ്രധാനമായ രേഖകളും പിടിച്ചെടുത്തതായി അവകാശപ്പെട്ടു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് നടത്തിയ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് ചോര്‍ന്നതെന്ന് എന്‍ ഐഎ അറിയിച്ചു. 2023 ജൂലൈ 19ന് എന്‍ഐഎ രണ്ട് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ പാകിസ്താന്‍ പൗരന്‍ മിര്‍ ബാലജ് ഖാനും പ്രതിയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് എന്‍ ഐഎ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ പ്രതി ആകാശ് സോളങ്കിക്കൊപ്പം ഖാനും ചാരവൃത്തി റാക്കറ്റില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ അറിയിച്ചത്. 2023 നവംബര്‍ ആറിന് എന്‍ഐഎ മറ്റ് രണ്ട് പ്രതികളായ മന്‍മോഹന്‍ സുരേന്ദ്ര പാണ്ഡ്യയ്ക്കും ആല്‍വെനുമെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.

    പാണ്ഡ്യയെ അറസ്റ്റ് ചെയ്‌തെങ്കിലും പാകിസ്താന്‍ ചാരപ്രവര്‍ത്തകനായ ആല്‍വെന്‍ ഒളിവിലാണെന്നും പ്രസ്താവനയില്‍ പറയുന്നു. 2024 മെയ് മാസം മറ്റൊരു പ്രതിയായ അമന്‍ സലിം ഷെയ്ഖിനെതിരേ എന്‍ ഐഎ മറ്റൊരു അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 

Tags: