ദേവീന്ദറിനെതിരായ കേസ് എന്‍ഐഎ ഏറ്റെടുത്തു

പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ ദേവീന്ദറാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് തൂക്കിലേറ്റും മുമ്പ് അഫ്‌സല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു.

Update: 2020-01-18 06:42 GMT

ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം അറസ്റ്റിലായ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ദേവീന്ദര്‍ സിങ്ങിനെതിരേ എന്‍ഐഎ കേസെടുത്തു. ദേവീന്ദറിനെതിരേ നിയമനടപടികള്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമായതിനു പിന്നാലെയാണ് എന്‍ഐഎ കേസെടുക്കാന്‍ തീരുമാനിച്ചത്.

ദേവീന്ദറിന്റെ കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് ജമ്മു-കശ്മീര്‍ പോലിസ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. കേസ് വളരെ സങ്കീര്‍ണതകളുള്ളതാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കേസ് എന്‍ഐഎയ്ക്ക് വിടാന്‍ ശുപാര്‍ശചെയ്തത്- ജമ്മു-കശ്മീര്‍ പോലിസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു.

ആരെയും രക്ഷപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആരെയും ഒഴിവാക്കില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കെതിരേ അയാള്‍ ഏത് ഏജന്‍സിയിലുള്ളതാണെങ്കിലും ഏത് കുറ്റം ചെയ്ത ആളാണെങ്കിലും ഒരു തരത്തിലുള്ള ദാക്ഷിണ്യവും ഉണ്ടാവില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേവീന്ദറിനെ അറസ്റ്റ് ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ഏതാനും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. 2001 ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ദേവീന്ദറിന് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ ദേവീന്ദറാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് തൂക്കിലേറ്റു മുമ്പ് അഫ്‌സല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു.  

Tags:    

Similar News