പിയുസിഎല്‍ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

Update: 2021-04-01 05:52 GMT

ഹൈദരാബാദ്: തെലങ്കാനയിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. ഹൈദരാബാദില്‍ ഏഴ് ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

ഹൈക്കോടതി അഭിഭാഷകനും പിയുസിഎല്‍ തെലങ്കാന കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായ വി രഘുനാഥന്റെ വസതിയില്‍ മാര്‍ച്ച് 31 വൈകീട്ട് 6 മണിക്ക് തുടങ്ങിയ റെയ്ഡ് അര്‍ധരാത്രിയിലാണ് അവസാനിച്ചത്. മാവോവാദികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് റെയ്‌ഡെന്ന് എന്‍ഐഎ അറിയിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് മാവോവാദി സാഹിത്യം പിടിച്ചെടുത്തതായും എന്‍ഐഎ അവകാശപ്പെട്ടു. ആന്ധ്ര പ്രദേശ് പോലിസ് 64 പേര്‍ക്കെതിരേ എടുത്ത കേസിന്റെ ഭാഗമാണ് എന്‍ഐഎയുടെ റെയ്ഡ്.

ചുലിക ചന്ദ്രശേഖര്‍, ചിട്ടിബാബു, വിസാരം വരലക്ഷ്മി, ദപ്പു രമേശ്, പാനി, അരുണ്‍, സുരിഷ, കോടി, ദേവേന്ദര്‍ തുടങ്ങിയവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു.

2020 നവംബറില്‍ ആന്ധ്ര പോലിസ് മഞ്ചിംഗ്പുട്ട് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ റെയ്ഡ് നടത്തിയിരിക്കുന്നത്. മാവോവാദികളുമായി ബന്ധപ്പെട്ട ചിലരില്‍ നിന്ന് രഘുനാഥിന് പണം ലഭിക്കുന്നുണ്ടെന്നാണ് എന്‍ഐഎ ആരോപിക്കുന്നതെന്ന് രഘുനാഥിന്റെ സഹപ്രവര്‍ത്തകനായ അഡ്വ. രാഹുല്‍ പറഞ്ഞു. ആന്ധ്രപ്രദേശ് പോലിസ് എടുത്ത പ്രസ്തുത കേസില്‍ രഘുനാഥിന്റെ പേര് സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പൗരാവകാശ പ്രവര്‍ത്തകരുടെ വീടുകളിലെ എന്‍ഐഎ റെയ്ഡിനെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റെയ്‌ഡെന്ന് പിയുസിഎല്‍ പ്രസിഡന്റ് ഗദ്ദം ലക്ഷ്മണ്‍ പറഞ്ഞു.

Tags:    

Similar News