യുവാക്കള്‍ക്കെതിരേ കള്ളക്കേസ്: ഉത്തര്‍പ്രദേശ് ഡിജിപിയോട് അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Update: 2020-09-02 11:53 GMT

ന്യൂഡല്‍ഹി: ആഗസ്റ്റ് 5ാം തിയ്യതി അയോധ്യയില്‍ നടന്ന ഭൂമിപൂജയുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലെ മുസ്‌ലിം യുവാക്കള്‍ക്കെതിരേ നടക്കുന്ന പോലിസ് പീഡനത്തെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി പോലിസിനോട് ഉത്തരവിട്ടു. ഡിജിപിക്കാണ് കമ്മീഷന്‍ ഇതു സംബന്ധിച്ച കത്ത് നല്‍കിയത്. യുവാക്കളെ പീഡിപ്പിച്ചതിനെ കുറിച്ചുള്ള പരാതിയില്‍ ഉചിതമായ നടപടിയെടുക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്‍സിഎച്ച്ആര്‍ഒ കൊടുത്ത പരാതിയിലാണ് കമ്മീഷന്റെ നടപടി.

ആഗസ്റ്റ് 5ന് സംഘപരിവാര്‍ സംഘടനകള്‍ അയോധ്യയില്‍ ഭൂമിപൂജ നടത്തിയതിനു തൊട്ടു തലേ ദിവസം മുതലാണ് ആ ജില്ലയിലും സമീപ ജില്ലകളിലും പോലിസ് അതിക്രമങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങിയത്. രാത്രികളില്‍ വനിതാപോലിസ് പോലുമില്ലാതെ വീടുകള്‍ റെയ്ഡ് ചെയ്യുക, കള്ളക്കേസില്‍ കുടുക്കുക, മുന്‍കരുതലെന്ന പേരില്‍ കസ്റ്റഡിയില്‍ വയ്ക്കുക, ജയിലിലടക്കുക തുടങ്ങി വിവിധ പീഡനമുറകളാണ് പോലിസ് അഴിച്ചുവിടുന്നത്. കേസിന്റെ പേരില്‍ കുടുംബങ്ങളെയും പീഡിപ്പിക്കുന്നു. ഇതുവരെ 38 മുസ്‌ലിം യുവാക്കളാണ് ഈ രീതിയില്‍ അറസ്റ്റിലായിട്ടുള്ളത്.

ബാരബാന്‍കി, ലഖ്‌നോ, ബഹ്‌റെയ്ച്ച്, ബനാറസ്, സീതാപൂര്‍, ഷമ്‌ലി, മുസാഫര്‍നഗര്‍ തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രിംകോടതി നിര്‍ദേശങ്ങള്‍ ഒരിടത്തുപോലും പാലിച്ചിട്ടില്ല. പ്രദേശവാസികളെ മതം തിരിച്ചാണ് കൈകാര്യം ചെയ്യുന്നതും. ഇതിനെതിരേ എന്‍സിഎച്ച്ആര്‍ഒ ദേശീയ മനുഷ്യാവകാശ കമ്മീഷന് ആഗസ്റ്റ് 22ന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പരാതി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്ന് പരാതിയില്‍ ഉചിതമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ 1മുതല്‍ 8 ആഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

Tags:    

Similar News