എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് പുതിയ കെട്ടിട നിര്‍മ്മാണം: മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനിലാണ് മന്ത്രി അറിയിച്ചത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം നോണ്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കുക. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ എന്നും സര്‍ക്കാര്‍ കണക്കിലെടുക്കും. കെട്ടിട നിര്‍മ്മാണത്തിനുള്ള നടപടികള്‍ ഘട്ടംഘട്ടമായി സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ചേവായൂര്‍ വില്ലേജില്‍ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 16.65 ഏക്കര്‍ സ്ഥലത്താണ് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. 207 ക്വാര്‍ട്ടേഴ്‌സുകള്‍ ഇവിടെയുണ്ട്.
50 വര്‍ഷത്തിലേറെ പഴക്കമുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുക എന്നത് ഏറെ വിഷമകരമാണെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള തൊട്ടടുത്ത ഹോസ്റ്റലും ശോച്യാവസ്ഥയിലാണെന്നും എംഎല്‍എ അറിയിച്ചു. കോണ്‍ക്രീറ്റ് പൊളിഞ്ഞു മേല്‍ക്കൂരയില്‍ ഷീറ്റിട്ട കെട്ടിടത്തില്‍ താമസിക്കാനും പ്രയാസമാണ്. മഴയില്‍ ചോര്‍ന്നൊലിക്കുന്നവയാണ് ഇതില്‍ ഏറെയും. ഈ അവസ്ഥക്ക് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് എംഎല്‍എ ആവശ്യപ്പെട്ടത്.
