ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശമന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായി പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനം പൂര്‍ത്തിയായി. പാകിസ്താന്‍ സ്ഥിതി വഷളാക്കുന്നുവെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. പാകിസ്താന്‍ ഒറ്റരാത്രികൊണ്ട് 26 നഗരങ്ങളെ ആക്രമിച്ചതായും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉധംപൂര്‍, പത്താന്‍കോട്ട്, ഭുജ്, ഭട്ടിന്‍ഡ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 26 സ്ഥലങ്ങള്‍ ഇന്നലെ രാത്രി പാകിസ്താന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി കേണല്‍ സോഫിയ ഖുറേഷി പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഇന്ത്യ വളരെ കൃത്യമായി തിരിച്ചടിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. പാകിസ്താന്റെ ആക്രമണത്തെ ഇന്ത്യ എന്തു വില കൊടുത്തും തിരിച്ചടിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
പാകിസ്താന്‍ സാധാരണക്കാരെ ലക്ഷ്യമിടുകയാണെന്നും എന്നാല്‍ നമ്മള്‍ വളരെ കൃത്യമായി ആക്രമണ കേന്ദ്രങ്ങളെയാണ് ലക്ഷ്യം വക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാകിസ്താന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് തെളിവുകള്‍ സഹിതമാണ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.
ഇന്ത്യയിലെ വ്യോമതാവളങ്ങള്‍ സുരക്ഷിതമാണെന്നും ശത്രു രാജ്യം പടച്ചു വിടുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും വിക്രം മിശ്രി പറഞ്ഞു. ഡല്‍ഹി മുംബൈ വിമാനത്താവളങ്ങള്‍ പൂര്‍ണമായും അടച്ചുവെന്ന തരത്തിലുള്ള വാര്‍ത്തയും ഇന്ത്യന്‍ പൈലറ്റിനെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന വാര്‍ത്തയും തെറ്റാണെന്നും ഇതൊക്കെ ശത്രു രാജ്യത്തിന്റെ കെണിയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അവരുടെ യുദ്ധ തന്ത്രമാണെന്നും ഒന്നിലും വീണുപോവരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തന്ത്ര പ്രധാന മേഖലകളെല്ലാം സുരക്ഷിതമാണെന്നും ഇന്ത്യയുടെ പ്രതിരോധം ശക്തമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
