ഹെല്‍പ്പ് ലൈന്‍ പ്രവാസി വെല്‍ഫെയര്‍ പദ്ധതി രണ്ടാംഘട്ടത്തിലേക്ക്

Update: 2021-08-26 09:33 GMT

ജിദ്ദ: ജിദ്ദയിലെ പ്രവാസി സംരംഭകരുടെ കൂട്ടായ്മയില്‍ ശറഫിയ്യയിലെ ഹെല്‍പ്പ് ലൈന്‍ ഓണ്‍ലൈന്‍ സര്‍വീസസ് ഒരുക്കിയ 'പ്രവാസി വെല്‍ഫെയര്‍ സ്‌കീം' പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയായി. ജിദ്ദയിലെ മലയാളികളുടെ സംഗമഭൂമിയായ ശറഫിയ്യയില്‍ വ്യാപാര രംഗത്തുള്ള പ്രവാസികള്‍ ദിവസേന 103 റിയാല്‍ വീതം നിക്ഷേപിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരുന്നത്. ഇതില്‍ നിന്നും 3 റിയാല്‍ വീതം സര്‍വീസ് ഫീസായുമാണ് കളക്റ്റ് ചെയ്തിരുന്നത്. സര്‍വീസ് ഫീസില്‍ നിന്ന് ഒരു വിഹിതം തൊഴില്‍ പ്രശ്‌നങ്ങളിലും മറ്റും കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികള്‍ക്ക് വേണ്ടിയാണ് നീക്കി വെയ്ക്കുന്നത്. ഇപ്രകാരം ദിനേന 100 റിയാല്‍ വീതം അടച്ച 50 പേരില്‍ നിന്നും ആഴ്ചയില്‍ നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് വീതം 25,000 റിയാല്‍ നല്‍കുന്ന രീതിയില്‍ 250 ദിവസങ്ങള്‍ നീണ്ടു നിന്നതായിരുന്നു ഒന്നാം ഘട്ട പദ്ധതി. ഒന്നാം ഘട്ട പദ്ധതിയില്‍ അംഗങ്ങളായവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ബംബര്‍ സമ്മാനമായി മാരുതി വാഗണര്‍ കാറും സമ്മാനിക്കുന്നുണ്ട്.

പദ്ധതിയുടെ ഒന്നാം ഘട്ട കാലയളവില്‍ നാട്ടിലേക്ക് മടക്ക യാത്രക്ക് ടിക്കെറ്റെടുക്കാന്‍ പ്രയാസപ്പെട്ട പത്തോളം പേര്‍ക്ക് വിമാന ടിക്കറ്റ് ലഭ്യമാക്കി. തൊഴില്‍ തര്‍ക്കങ്ങളില്‍പ്പെട്ട നിരവധി പേര്‍ക്ക് നിയമ സഹായവും തൊഴില്‍ കോടതികളില്‍ പരിഭാഷാ സൗകര്യവും ഓണ്‍ലൈന്‍ കേസുകളില്‍ ആവശ്യമായ സാങ്കേതിക സഹായവും ലഭ്യമാക്കി.

'പ്രവാസി വെല്‍ഫെയര്‍ സ്‌കീം' പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം 2021 ആഗസ്റ്റ് 29ന് ഞായറാഴ്ച്ച രാത്രി 9 മണിക്ക് ജിദ്ദയിലെ ഗ്രീന്‍ലാന്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഒന്നാം ഘട്ട പദ്ധതിയില്‍ മികവ് പുലര്‍ത്തിയ മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം സ്വദേശി കുഴിക്കാട്ടില്‍ അബ്ദുല്‍ ഹഖിനെ ചടങ്ങില്‍ ആദരിക്കും. ഒപ്പം ഒന്നാം ഘട്ടത്തിലെ ബംബര്‍ സമ്മാനമായ മാരുതി വാഗണര്‍ കാറിന്റെ നറുക്കെടുപ്പും താക്കോല്‍ കൈമാറ്റവും ചടങ്ങില്‍ നടക്കും. പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ ജിദ്ദയിലെ ശ്രദ്ധേയരായ ഗായകരുടെ നേതൃത്വത്തില്‍ സംഗീത നിശയും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അംഗങ്ങള്‍ 110 റിയാല്‍ വീതം നിക്ഷേപിക്കുന്ന രീതിയിലാണ് രണ്ടാംഘട്ട പദ്ധതി ഒരുക്കിയിരുന്നത്. 300 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പില്‍ അംഗങ്ങളായവര്‍ക്ക് 30,000 റിയാല്‍ വീതം ലഭിക്കും. പുറമെ ബംബര്‍ സമ്മാനമായി ഒരാള്‍ക്ക് മാരുതി ബ്രസ്സ കാറ് നല്‍കും. പദ്ധതിയില്‍ അംഗങ്ങളായ മുഴുവന്‍ പേര്‍ക്കും ഖുര്‍ആന്‍ ചരിത്ര ഭൂമികളിലൂടെയുള്ള സഞ്ചാരത്തില്‍ പങ്കുചേരാന്‍ സൗജന്യ അവസരമൊരുക്കുമെന്നും പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്ററും ഹെല്‍പ്പ് ലൈന്‍ ഓണ്‍ലൈന്‍ സര്‍വീസസിന്റെ മാനേജറുമായ ശറഫുദ്ദീന്‍ അബൂബക്കര്‍ പറഞ്ഞു.

ഹെല്‍പ്പ് ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ഹസന്‍ നാസിര്‍ ഹസന്‍ അല്‍ അബ്ദലി, പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ ശറഫുദ്ദീന്‍ അബൂബക്കര്‍, ഹെല്‍പ്പ് ലൈന്‍ ജിദ്ദ ഓഫീസ് മാനേജര്‍ ഫവാസ് പാണ്ടിക്കാട് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.