വിപ്ലവകാരികളുടെ പേര് മായ്ച്ചുകളയുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല: കെഎംവൈഎഫ്

Update: 2021-08-25 11:26 GMT

മലപ്പുറം: ഐസിഎച്ച്ആര്‍ന്റെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്നും 387 മലബാര്‍ വിപ്ലവ രക്തസാക്ഷികളുടെ പേര് നീക്കാനുള്ള സംഘ് ഗവണ്‍മെന്റിന്റെ ശ്രമം അപലപനീയമാണെന്നും വിപ്ലവകാരികളുടെ പേരുകള്‍ മായ്ച്ചുകളയുന്ന വര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്നും കെഎംവൈഎഫിന്റെ മലബാര്‍ വിപ്ലവ സ്മൃതി വാരാചരണ ത്തിന്റെ ഉദ്ഘാടന സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. പൂക്കോട്ടൂര്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി സി എ മൂസ മൗലവി ഉദ്ഘാടനം ചെയ്തു. മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചരിത്രത്തോട് പുതിയ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മലബാര്‍ വിപ്ലവത്തെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രത്തിന്റെ ഒരു പിന്‍ബലവും ഉണ്ടാകില്ലെന്നും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതേതരത്വത്തിന്റെ പ്രതീകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെഎംവൈഎം സംസ്ഥാന പ്രസിഡന്റ് ഉപകാരം ഷംസുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിച്ചു. ഐസിഎച്ച്ആര്‍ന്റെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്നും മലബാര്‍ പോരാട്ട രക്തസാക്ഷികളെ ഒഴിവാക്കുവാനുള്ള തീരുമാനം അവര്‍ക്കുള്ള മരണാനന്തര ബഹുമതിയായി മതേതര സമൂഹവും അവരുടെ തലമുറകളും കരുതുമെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. ഹുസൈന്‍ രണ്ടത്താണി, ശിഹാബ് പൂക്കോട്ടൂര്‍, ഡോ. കാസിമുല്‍ ഖാസിമി, കാരാട്ട് അബ്ദുറഹ്മാന്‍, ഇസ്മായില്‍ മാസ്റ്റര്‍, പി എ സലാം, ഹുസൈന്‍ സഖാഫി, കാരാളി സുലൈമാന്‍ ദാരിമി, പനവൂര്‍ സഫീര്‍ ഖാന്‍ മന്നാനി, എ എം നദ്‌വി, അല്‍അമീന്‍ റഹ്മാനി, സാക്കിര്‍ ഹുസൈന്‍ ദാരിമി, നൗഷാദ് മാങ്ങാംകുഴി, നാഷിദ് ബാഖവി എന്നിവര്‍ സംസാരിച്ചു.