മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
മലപ്പുറം: പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. ഇതു സംബന്ധിച്ച് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇടി മുഹമ്മദ് ബഷീറിന് കത്ത് നല്‍കി.
മുഈന്‍അലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് ലീഗ് നേതൃയോഗം ചേരുന്നുണ്ട്. മുഈന്‍ അലി തങ്ങള്‍ക്കെതിരേ നടപടിയെടുത്താല്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. മുസ് ലിംലീഗിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി നേട്ടം കൊയ്യാനുള്ള നീക്കം സിപിഎമ്മും തുടങ്ങിയിട്ടുണ്ട്. കെ ടി ജലീലിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കം നടത്തുന്നത്.
മുസ്‌ലിം ലീഗ് മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെടി ജലീല്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മുഈന്‍ അലി തങ്ങളും രംഗത്തെത്തിയത്. ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡി നോട്ടിസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു മുഈന്‍ അലി തങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് അറിയിച്ചത്. നാല് പതിറ്റാണ്ടുകാലമായി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി വിമര്‍ശിച്ചിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ ഫിനാന്‍സ് മാനേജര്‍ സമീറിനെ നിയമിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നുംപാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് മുഈന്‍അലി ഉയര്‍ത്തിയത്. പിന്നാലെയാണ് മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി ആവശ്യം ശക്തമായത്.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസായ ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ മുഈന്‍ അലി തങ്ങള്‍ക്കെതിരെ കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ ലീഗ് പ്രവര്‍ത്തകന്‍ റാഫി രംഗത്തെത്തിയതും വിവാദമായി. മുഈന്‍ അലി തങ്ങള്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തിയ റാഫി തങ്ങളെ ഭീഷണിപ്പെടുത്തി വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്തി. വാര്‍ത്താസമ്മേളനത്തിന് ശേഷവും മുഈന്‍ അലി തങ്ങള്‍ക്കെതിരേ ഗുരുതരമായി ആരോപണങ്ങളുമായി റാഫി എത്തിയിരുന്നു.
