വഴിത്തര്‍ക്കം: ഉളിയില്‍ സ്ത്രീകള്‍ക്ക് നേരെ വീട് കയറി ആക്രമണം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ

Update: 2021-07-06 09:43 GMT

ഉളിയില്‍: വഴിത്തര്‍ക്കത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് നേരെ വീട് കയറി ആക്രമണം നടത്തിയ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ ഉളിയില്‍ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി സ്വകാര്യ വ്യക്തിയുടെ സ്ഥലവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പുരുഷന്മാരില്ലാത്ത വീട്ടില്‍ കയറി റാഫി, ഷെമീം, റഹീസ് എന്നിവരാണ്

ആക്രമണം നടത്തിയത്. ഉളിയില്‍ പ്രദേശത്തെ മുസ്‌ലിം ലീഗിലെ ചില നേതാക്കന്മാരുടെ ഒത്താശയോടെയാണ് ഈ അക്രമണങ്ങള്‍ നടത്തിയിരിക്കുന്നതെന്നാണ് മനസിലാകുന്നത്.

കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിച്ച സ്വകാര്യവ്യക്തിയുടെ മതില്‍ തകര്‍ന്ന് വീണിരുന്നു. ഇതിന്റെ പേരില്‍ പ്രാദേശവാസികളെ ഭയപ്പെടുത്തി വഴിനടക്കാനുള്ള അവകാശം നിഷേധിക്കാം എന്ന കുബുദ്ധികളുടെ ശ്രമം വെച്ച് പൊറുപ്പിക്കില്ലെന്നും, ഭയപ്പെടുത്തി പ്രദേശവാസികളെ ഒതുക്കാമെന്ന ചിലരുടെ ധാര്‍ഷ്ട്യം നടപ്പാകില്ലെന്നും എസ്ഡിപിഐ ഉളിയില്‍ ബ്രാഞ്ച് സെക്രട്ടറി ടി പി ദാവൂദ് പറഞ്ഞു. ഈ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ന്യായമായ വഴിനടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയാന്നെങ്കില്‍ ഇരകള്‍ക്കൊപ്പം അവകാശങ്ങള്‍ക്കായി നിലകൊള്ളുമെന്നും, ആക്രമണത്തിനിരയായവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു.