തിരുവനന്തപുരം: ജെ.എസ്.എസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.ആർ ഗൗരിയമ്മ (102)അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന കെആര്‍ ഗൗരിയമ്മ
കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുമ്പാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടിൽ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്.
1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ അംഗമായിരുന്നു.1952-53, 1954-56 വർഷങ്ങളിൽ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു. (അഞ്ചാം നിയമസഭ ഒഴികെ).1957,1967,1980,1987 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ചേർത്തലയ്ക്ക് അടുത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിലാണ് ഗൗരിയമ്മയുടെ ജനനം. കളത്തിപ്പറമ്പിൽ കെ.എ രാമന്റെയും പാർവ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14ന് കെ.ആർ ഗൗരി ജനിച്ചു.വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഗൗരിയമ്മ 1954ൽ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇ.എം.എസ് മന്ത്രിസഭയിൽ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു.