വേനല്‍ മഴയ്ക്ക് മുന്‍പ് കൊയ്ത്തും നെല്ല് സംഭരണവും ഊര്‍ജ്ജിതമാക്കണം: കലക്ടര്‍

Update: 2021-04-10 03:57 GMT

തൃശൂര്‍: ജില്ലയില്‍ ഇനിയും കൊയ്ത്ത് പൂര്‍ത്തിയാക്കാനുള്ള നെല്‍പ്പാടങ്ങളില്‍ വേനല്‍ മഴയ്ക്ക് മുന്‍പായി കൊയ്ത്തും സംഭരണവും ഊര്‍ജ്ജിതമാക്കാന്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.

ഇനിയും കൊയ്ത്ത് പൂര്‍ത്തിയാക്കാനുള്ള പാടശേഖരങ്ങള്‍ക്ക് എത്രയും വേഗം മില്ല് അലോട്ട് ചെയ്ത് നല്‍കുന്നതിന് സപ്ലൈകോ ഓഫിസറെ ചുമതലപ്പെടുത്തി. കൊയ്ത്തിന് ഏഴുദിവസം മുന്‍പ് മില്ല് അലോട്ട് ചെയ്ത് നല്‍കണം. മില്ലുകള്‍ മാറ്റി കൊടുക്കേണ്ട സാഹചര്യമുണ്ടായാല്‍ പാടശേഖര സമിതിയില്‍ നിന്ന് അതിനുള്ള കാരണം എഴുതി വാങ്ങി അതനുസരിച്ച് നടപടി സ്വീകരിക്കണം. ഗുണമേന്മയുള്ള ചാക്കുകള്‍, നെല്ല് കയറ്റി കൊണ്ടു പോകുന്നതിനുള്ള വാഹനങ്ങള്‍ എന്നിവ ലഭ്യമാക്കണം.

കൊയ്ത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. എല്ലാ കൊയ്ത്ത് യന്ത്രങ്ങളും കേടുപാടുകള്‍ തീര്‍ത്ത് ലഭ്യമാക്കണം. ഇനിയും കൊയ്ത്ത് പൂര്‍ത്തിയാക്കേണ്ട പാടശേഖരസമിതികളുടെ വിവരങ്ങള്‍ ഉടനടി തയ്യാറാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

നെല്ല് സംഭരണത്തിന് നടപടി സ്വീകരിക്കുന്നതിനാവശ്യമായ പ്ലാന്‍ തയ്യാറാക്കുന്നതിന് സപ്ലൈകോ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊയ്ത്ത് നടക്കുന്ന സമയങ്ങളില്‍ മഴ ഉണ്ടായാല്‍ കര്‍ഷകര്‍ കൊയ്ത്ത് നിര്‍ത്തിവെക്കണമെന്നും കൊയ്ത നെല്ല് നനയാതെ സൂക്ഷിക്കുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കലക്ടര്‍ കര്‍ഷകരോട് നിര്‍ദ്ദേശിച്ചു.

ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ എസ് മിനി, സപ്ലൈ ഓഫീസര്‍ പി മുകുന്ദകുമാര്‍,

പാടശേഖര ഭാരവാഹികള്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.