അരീക്കോട് താലൂക്ക് ആശുപത്രി വികസനം അട്ടിമറിച്ചെന്ന് ആരോപണം

Update: 2021-02-02 18:03 GMT

അരീക്കോട്: ഏറനാട് മണ്ഡലത്തിലെ അരീക്കോട് താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതി അട്ടിമറിച്ചതിന് പിന്നില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും രാഷ്ട്രീയ ഇടപെടലുമെന്ന് ആരോപണം ഉയരുന്നു. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് ഏഴ് വര്‍ഷമായിട്ടും തുടര്‍ നടപ്പടി സ്വീകരിക്കാന്‍ തയ്യാറാകാതെ നീണ്ടുപോകുന്നതാണ് ദുരൂഹത ഉയര്‍ത്തുന്നത്. നാല് പഞ്ചായത്തുകളില്‍ നിന്ന് സാധാരണക്കാര്‍ ആശ്രയിക്കുന്ന താലൂക്കാശുപത്രിയുടെ വികസനം അട്ടിമറിക്കാന്‍ കാരണം പരിസരങ്ങളിലുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടിയാണെന്നും ആരോപണമുണ്ട്. 

സി എച്ച് സിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന സൗകര്യം പോലും താലൂക്കാശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ നഷ്ടമായതാണ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നത്.

ഗര്‍ഭിണികള്‍ക്കുള്ള പരിചരണവും കിടത്തി ചികിത്സയും നിര്‍ത്തിയിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയായി. ആരോഗ്യ വകുപ്പിന്റെ മെല്ലെ പോക്ക് നയവും ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടെ അനാസ്ഥയുമാണ് ഇവിടെ ചികിത്സ നിഷേധിക്കപ്പെടുന്നത്. മുന്‍പ് സിഎച്ച്‌സി യായിരുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്താതെയും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാതെയുമാണ് പി കെ ബഷീര്‍ എംഎല്‍എ 2013 ല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. നിലവില്‍ താലുക്ക് ആശുപത്രിയെന്ന ബോര്‍ഡ് ഉയര്‍ത്തിയത് മാത്രമാണ് വികസനനേട്ടമായി ഉയര്‍ത്തുന്നത്. പദവി ഉയര്‍ത്തിയതോടെ നിലവില്‍ ലഭിച്ച് കൊണ്ടിരുന്ന രോഗീ പരിചരണവും ഇവിടെ ഇല്ലാതായി. 40 രോഗികളെ കിടിത്തി ചികിത്സിച്ചിരുന്ന ഇവിടെ വല്ലപ്പോഴും വരുന്ന രോഗികളുടെ ഒബ്‌സര്‍വേഷന്‍ സെന്റര്‍ മാത്രമായിരിക്കുകയാണ്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റായിരുന്നപ്പോള്‍ പത്തിലേറെ പ്രസവവും ആവശ്യമായ ഡോക്ടറും പരിചരണവും ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ സമീപ പ്രദേശങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ സജീവമായതോടെ ഇവിടെ ഗര്‍ഭിണികള്‍ക്കുള്ള പരിചരണം വേണ്ടന്ന് വെക്കുകയായിരുന്നു ആരോഗ്യ വകുപ്പ്.

2015 ഫെബ്രവരി മൂന്നിന്നാണ് ഇവിടെ അവസാനമായി പ്രസവം നടന്നതെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതോടെ ഉണ്ടായിരുന്ന ഗൈനക്കോളജി അടക്കമുള്ള ഡോക്ടറെ ആരോഗ്യ വകുപ്പ് സ്ഥലം മാറ്റി. പകരം ആളെ നിയമിക്കാനോ അനസ്‌ത്യേഷ്യയിസ്റ്റിനെ നിയമിക്കാനോ തയ്യാറായില്ല. താലൂക്ക് ആശുപത്രിയില്‍ നിന്നും രോഗികള്‍ക്ക് ലഭിക്കേണ്ട പരിചരണങ്ങള്‍ ഇവിടെ ലഭിക്കുന്നില്ല. എട്ട് ഡോക്ടര്‍മാരാണ് ഉള്ളത്. ഇവര്‍ കാലത്ത് ഓപിയില്‍ എത്തി ഉച്ചക്ക് രണ്ട് മണിയോടെസ്ഥലം വിടും പിന്നീട് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാറില്ല. താലൂക്ക് ആശുപത്രികളില്‍ ക്വാഷ്യാലിറ്റി, കിടത്തി ചികിത്സ, ഗര്‍ഭിണികള്‍ക്കുള്ള പരിചരണം, ഓപ്പറേഷന്‍ തിയേറ്റര്‍, മോര്‍ച്ചറി തുടങ്ങിയ സൗകര്യങ്ങള്‍ വേണമെന്നാണ് വ്യവസ്ഥ എന്നാല്‍ സംസ്ഥാനത്ത് ഈ സംവിധാനങ്ങളില്ലാത്ത ഏക താലൂക്ക് ആശുപത്രിയാണ് അരീക്കോട്ടുള്ളത്.

ആശുപത്രിയുടെ വികസനത്തിനായി വിവിധ വകുപ്പുകളില്‍ നിന്നായി ഫണ്ടുകള്‍ അനുവദിച്ചതായി ജന പ്രതിനിധികളും ആരോഗ്യ വകുപ്പും അവകാശപ്പെടാറുണ്ടെങ്കിലും ഇവിടെ എത്തിയിട്ടില്ലന്ന് വ്യക്തം. 2019ലെ ബജറ്റില്‍ മുപ്പത്തിയഞ്ച് കോടിയുടെ പദ്ധതി നടപ്പിലാക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി. കാവനൂര്‍, അരീക്കോട്, കീഴുപറമ്പ്, ഊര്‍ങ്ങാട്ടീരി പഞ്ചായത്തുകളിലുള്ളവരുടെ ആശ്രയ കേന്ദ്രമാണ് അരീക്കോട് താലൂക്ക് ആശുപത്രി. ദിനം പ്രതി എണ്ണൂറ് പേര്‍ ഇവിടെ ഓ പിയിലെത്തുന്നുണ്ട്. തുടര്‍ചികിത്സ ആവശ്യമുള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. പി എച്ച് സികളിലടക്കം സായാഹ്ന ഒപി നിലനില്‍ക്കുമ്പോഴും താലൂക്ക് ആശുപത്രിയില്‍ അതെല്ലാം അന്യമായിരിക്കുകയാണ്. താലൂക്ക് ആശുപത്രിയുടെ ഭരണ ചുമതല അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്നാണ്. എന്നാല്‍ വികസന സമിതി ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനോ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനോ തയ്യാറാകുന്നില്ല. സംസ്ഥാനത്ത് ഏറനാട് മണ്ഡലത്തിലാണ് കിടത്തി ചികിത്സയും ഗര്‍ഭിണിക്കള്‍ക്കുള്ള പരിചരണം ഇല്ലാത്ത ആശുപത്രിയുള്ളത്. ആറ് വര്‍ഷമായി മുടങ്ങികിടക്കുന്ന കിടത്തി ചികിത്സയും ഗര്‍ഭിണികള്‍ക്കുള്ള പരിചരണവും പുനരാരംഭിക്കണമെന്ന് നിരവധി ജനകീയ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. ആവശ്യമായ ഡോക്ടര്‍മാരെ അനുവദിച്ചാല്‍ മുടങ്ങി കിടക്കുന്ന ചികിത്സകള്‍ ആരംഭിക്കാമെന്ന് സൂപ്രണ്ട് പറഞ്ഞു.