അടിസ്ഥാന വികസന മേഖലയില്‍ സര്‍ക്കാര്‍ വരുത്തിയത് വലിയമാറ്റങ്ങള്‍: മന്ത്രി ജി സുധാകരന്‍

Update: 2021-01-10 04:35 GMT

കോഴിക്കോട്: അടിസ്ഥാന വികസന മേഖലയില്‍ സര്‍ക്കാര്‍ വരുത്തിയത് വലിയമാറ്റങ്ങളെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. നാടിന്റെ പുരോഗതിക്ക് കോടികളുടെ വികസനം ആവശ്യമാണ്. വിവിധ പ്രദേശങ്ങളെ യോജിപ്പിക്കാന്‍ പാലങ്ങള്‍ ആവശ്യമാണെന്നും ഇവയെല്ലാം സര്‍ക്കാര്‍ സാക്ഷാത്കരിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരണം നടത്തിയ പേരാമ്പ്ര ചെറുവണ്ണൂര്‍ വടകര റോഡിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന കാഴ്ചപ്പാട് സര്‍ക്കാര്‍ വന്നപ്പോഴേ കൊണ്ടുവന്നു. പുതിയ ടെക്‌നോളജി, പുതിയ തരം നിര്‍മ്മാണ രീതികള്‍, ശക്തമായ മേല്‍നോട്ടം അങ്ങനെ പല മാറ്റങ്ങളും നമ്മുടെ അടിസ്ഥാന വികസന മേഖലയില്‍ വരുത്തി. ജനങ്ങള്‍ക്ക് നല്‍കിയ ഓരോ വാഗ്ദാനങ്ങളും സര്‍ക്കാര്‍ നടപ്പാക്കി. റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിനായി തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പിന്റെ മേല്‍ നോട്ടത്തിലാണ് പേരാമ്പ്ര ചെറുവണ്ണൂര്‍ വടകര റോഡ് പുനര്‍നിര്‍മ്മിച്ചിട്ടുള്ളത്.

പാവങ്ങാട് ഉള്ളിയേരി കുറ്റിയാടി ചൊവ്വ സംസ്ഥാന പാതയിലെ പ്രധാന സ്ഥലമായ പേരാമ്പ്രയില്‍ നിന്നും ആരംഭിച്ച് ദേശീയ പാത 66 ല്‍ വടകരയുമായി ബന്ധിപ്പിക്കുന്നതാണ് റോഡ്. റോഡിന്റെ 0/000 മുതല്‍ 9/800 കിലോ മീറ്റര്‍ ദൂരമാണ് നവീകരിച്ചിട്ടുള്ളത്. പേരാമ്പ്ര, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലൂടെ 8 മീറ്റര്‍ വീതിയില്‍ കടന്നു പോയിരുന്ന ഈ റോഡ് നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി ശരാശരി 10.50 മീറ്റര്‍ ആയി വീതി കൂട്ടി ബലപ്പെടുത്തിയാണ് പുനര്‍ നിര്‍മ്മിച്ചിട്ടുള്ളത്. 22 കോണ്‍ക്രീറ്റ് കലുങ്കുകളും അതിനോടു ചേര്‍ന്ന് കോണ്‍ക്രീറ്റ് ഓവുചാലുകളും നിര്‍മ്മിച്ചിട്ടുണ്ട്. റോഡരികില്‍ വിവിധ ഇടങ്ങളില്‍ കരിങ്കല്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു ബലപ്പെടുത്തുകയും ആവശ്യമായ ഇടങ്ങളില്‍ റോഡ് സുരക്ഷാ മാര്‍ഗ്ഗങ്ങളായ ക്രാഷ് ബാരിയര്‍, സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പാത നിര്‍മ്മിച്ച് ഇന്റര്‍ലോക്ക് കട്ടകള്‍ പതിപ്പിച്ചു മനോഹരമാക്കിയിട്ടുണ്ട്.

എരവട്ടൂര്‍ കനാല്‍ മുക്കില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു ശിലാഫലകം അനാച്ഛാദനം ചെയ്തു.

കെ മുരളീധരന്‍ എം.പി മുഖ്യാതിഥിയായി. ഉത്തരമേഖല, നിരത്ത് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനിയര്‍ ഇ. ജി. വിശ്വപ്രകാശ് സ്വാഗതം പറഞ്ഞു.

എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. വിനയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. ബാബു, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രമോദ്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ, ജില്ലാപഞ്ചായത്ത് മെംബര്‍ സി. എം. ബാബു, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ കെ. സജീവന്‍ മാസ്റ്റര്‍, കെ.കെ. ലിസി, കെ. അജിത, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെംബര്‍ കെ. കെ. പ്രേമന്‍, എ. കെ. പത്മനാഭന്‍ മാസ്റ്റര്‍, കെ. കുഞ്ഞമ്മത് മാസ്റ്റര്‍, എ. കെ. ബാലന്‍, എ. കെ. ചന്ദ്രന്‍ മാസ്റ്റര്‍, കെ. കെ. രാജന്‍, എസ്. കെ. അസൈനാര്‍, വി. സി. ബിനീഷ്, പി. കെ. എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ. ലോഹ്യ, എന്‍. കെ. വത്സന്‍, കെ. ആലിക്കുട്ടി, ബേബി കാപ്പുകാട്ടില്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ സുനിത തുടങ്ങിയവര്‍ പങ്കെടുത്തു.