കൊടും തണുപ്പിലും കെടാതെ കര്‍ഷക രോഷം; നിയമം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് കര്‍ഷകര്‍

Update: 2020-12-21 14:14 GMT

ന്യൂഡല്‍ഹി: മരംകോച്ചുന്ന തണുപ്പിനും സര്‍ക്കാരിന്റെ അനുനയ ശ്രമങ്ങള്‍ക്കും ന്യൂഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തെ തണുപ്പിക്കാനായില്ല. കര്‍ഷകരെ അടുത്ത ഘട്ട ചര്‍ച്ചക്ക് സര്‍ക്കാര്‍ ക്ഷണിച്ചെങ്കിലും നിയമം പിന്‍വില്ലാകാതെ ചര്‍ച്ചക്കില്ലെന്ന് കര്‍ഷകര്‍. കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം 26 ദിവസം പിന്നിട്ടപ്പോഴാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് അടുത്തഘട്ട ചര്‍ച്ചക്ക് ക്ഷണിച്ചത്.

എന്നാല്‍, സമരം ശക്തമാക്കുമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. രാജ്യത്തെവിവിധ സമര പന്തലുകളില്‍ ഇന്ന് റിലെ നിരാഹാരം ആരംഭിച്ചു.

ഡല്‍ഹിയിലെ താപനില മൂന്ന് ഡിഗ്രിക്കും താഴെ പോയെങ്കിലും കര്‍ഷക രോഷം കെടാതെ മുന്നേറുകയാണ്. സമരത്തിന്റെ 26ആം ദിവസം റിലെ നിരാഹാര സമരം തുടങ്ങി. ഡല്‍ഹി മീററ്റ് ദേശീയപാത കര്‍ഷകര്‍ പൂര്‍ണമായും ഉപരോധിക്കുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകരെ ഗാസിപൂരിന് സമീപം പോലിസ് തടഞ്ഞതിനെ തുടര്‍ന്നാണ് ദേശീയപാത ഉപരോധിച്ചത്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷക നേതാക്കള്‍ പങ്കെടുന്നുണ്ട്. ഗാസിപൂരിലെ സമരകേന്ദ്രത്തില്‍ കടത്തിവിടാമെന്ന് പോലിസ് ഉറപ്പ് നല്‍കിയതോടെ ഉപരോധം അവസാനിപ്പിച്ചു.

മഹാരാഷ്ട്രയില്‍ നിന്ന് നാലായിരം കര്‍ഷകര്‍ നാസിക്കില്‍ നിന്ന് കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മുംബൈയിലുള്ള അംബാനി, അദാനി കമ്പനികളുടെ ഓഫീസ് കര്‍ഷകര്‍ നാളെ ഉപരോധിക്കും.

പ്രശ്‌നപരിഹാരത്തിനായുള്ള കര്‍ഷകരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചത് ആത്മാര്‍ത്ഥമായല്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി നിര്‍ദേശമുള്ളത് കൊണ്ട് മാത്രമാണ് ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത്. കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരും. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് നടക്കുമ്പോള്‍ പാത്രം കൊട്ടി പ്രതിഷേധിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

Similar News