തിരഞ്ഞെടുപ്പിലെ തിരിച്ചടി കൂട്ടായി ചര്‍ച്ച ചെയ്യും: കുഞ്ഞാലിക്കുട്ടി

Update: 2020-12-19 06:51 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തിരിച്ചടി കൂട്ടായി ചര്‍ച്ച ചെയ്യുമെന്നും ഒരു കൂട്ടരെയും കുറ്റപ്പെടുത്താന്‍ ഇല്ലെന്നും മുസ്‌ലിം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലികുട്ടി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പോലെ ശക്തമായ തിരിച്ചുവരവിന് വേണ്ട പ്രവര്‍ത്തനം നടത്തുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

പരാജയത്തിന് പിന്നാലെ വലിയ കലാപമാണ് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്ന കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തെ കുറിച്ച് മുസ്ലീം ലീഗ് പരസ്യ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

പരാജയം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന് ചേരും. യുഡിഎഫ് യോഗത്തിന് മുന്‍പേ ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ കാണും. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടും. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള നേതാക്കളാണ് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.