പെരിന്തൽമണ്ണ: നഗരസഭയുടെ 25-ാം വാർഷികത്തിന്റെ ഭാഗമായുള്ള രജത ജൂബിലി പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള 500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളിലെ ശ്രദ്ധേയമായ പദ്ധതിയായ നവീന മാതൃകയിൽ നിർമ്മിച്ച നഗരസഭ ഓഫീസ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്തി എ സി മൊയ്തീൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
നഗരസഭ ഉടമസ്ഥതയിലുള്ള ആർ.എൻ. മനഴി ബസ്റ്റാന്റിന്റെ 3 നിലകളിലായി നഗരത്തിന്റെ വളർച്ചയ്ക്കും പ്രൗഡിക്കും അനുഗുണമായി ഹൈടെക് സൗകര്യങ്ങളോടെ 45000 സ്‌ക്വയർഫീറ്റിലാണ് പുതുതായി ഓഫീസ് നിർമ്മിച്ച് നാടിനു സമർപ്പിച്ചത്. ജനസൗഹൃദമായുള്ള ഓഫീസ് പ്രവർത്തനത്തിന് ഊന്നൽ നൽകി ഓഫീസിലെത്തുന്നവർക്കെല്ലാം ഇരുന്ന് സേവനം നേടാനും പൊതുജനങ്ങൾക്കും ജീവനക്കാർക്കും മികച്ച അന്തരീക്ഷവും സൗകര്യവുമൊരുക്കിയുമുള്ള ഓഫീസ് നിർമ്മാണത്തിന് 9 കോടി രൂപയാണ് ചിലവ്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആർ.എൻ മനഴി ബസ്റ്റാന്റിന്റെ നിലവിലുള്ള ഒന്നും രണ്ടും നിലകൾ സമ്പൂർണ്ണമായി നവീകരിച്ചും, മൂന്നാമത്തെ നില പണിതുമാണ് അത്യാധുനിക ഓഫീസ് സമുച്ചയം നിർമ്മിച്ചത്.
നിലവിലുള്ള നഗരസഭാ ഓഫീസിന് കാലപ്പഴക്കം ചെന്നതിനാലും ജനബാഹുല്യം ഉൾക്കൊള്ളാൻ അപര്യാപ്തമായതിനാലുമാണ് പുതിയ ഓഫീസ് നിർമ്മിക്കാൻ നഗരസഭ തീരുമാനിച്ചത്. അതോടൊപ്പം ബഹുജനങ്ങൾക്ക് അത്യാധുനിക ഓഫീസ് സംവിധാനം ഒരുക്കുക വഴി സമയബന്ധിതമായ സേവനം ലഭ്യമാക്കൽ ലക്ഷ്യവും ഇതിനുണ്ട്.
താഴെ നിലയിൽ പ്രവേശിക്കുന്ന സ്ഥലത്ത് വിശാലമായ റിസപ്ഷൻ കൗണ്ടറും ഹെൽപ്പ് ഡസ്‌ക്കും, ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് കൗണ്ടറുമാണ് സജ്ജമാക്കിയിട്ടുള്ളത്. ഒന്നാം നിലയിൽ ആവശ്യാനുസരണമുള്ള ഇരിപ്പടങ്ങളോടുകൂടി ഫോറങ്ങൾ പൂരിപ്പിക്കാനുള്ള സൗകര്യം, കുടിവെള്ളം, പത്രം, ടി.വി, എ.സി, ടോയ്‌ലെറ്റ്, കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനും തൊട്ടിലിൽ കിടത്താനുമുള്ള സൗകര്യം എന്നീ സൗകര്യങ്ങളോടെ സജ്ജമാക്കിയ ഫ്രണ്ട് ഓഫീസ്. അതോടൊപ്പം ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, റവന്യുഡിപ്പാർട്ട്‌മെന്റ്, ജനറൽ വിഭാഗം, ജീവനക്കാർക്കായുള്ള റിഫ്രഷിംഗ് റൂമുകൾ എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്.
രണ്ടാം നിലയിൽ എഞ്ചിനിയറിങ്ങ് വിഭാഗം, ചെയർമാൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ, സെക്രട്ടറി എന്നിവരുടെ ഓഫീസും കോൺഫ്രൻസ് ഹാളും, മിനി ഓഡിറ്റോറിയവും, സ്റ്റോറും, രണ്ടും മൂന്നും നിലകൾ ഉപയോഗിച്ച് അത്യാധുനിക കൗൺസിൽ ഹാളും സജ്ജീകരിച്ചിരിക്കുന്നു. പൊതുജനങ്ങൾക്കും മാധ്യമ പ്രതിനിധികൾക്കും ഗ്യാലറിയിലിരുന്നു കൗൺസിൽ നടപടികൾ വീക്ഷിക്കാവുന്ന തരത്തിലാണ് കൗൺസിൽ ഹാൾ വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നാം നിലയിൽ വിശാലമായ റിക്കാർഡ് റൂമും നിർമ്മിച്ചിട്ടുണ്ട്.
എല്ലാ സെക്ഷനുകളും ജനസൗഹൃദ മാക്കാൻ ലോബി, ഇരിപ്പിടം കുടിവെള്ളം, എല്ലാ ഉദ്യോഗസ്ഥരുടെ സീറ്റിന് മുന്നിലും ബഹുജനങ്ങൾക്ക് ഇരിപ്പിടം, ഇലക്ട്രോണിക്ക് ടോക്കൺ സിസ്റ്റം എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആകർഷണീയമായ ഫർണീച്ചർ സംവിധാനം, മതിയായ ടോയ്‌ലറ്റ്, വെള്ളം, ലിഫ്റ്റ്, എ.സി, സി.സി.ടി.വി, സെക്യൂരിറ്റി പാർക്കിങ്ങ് എന്നീ സൗകര്യങ്ങളും പുതിയ ഓഫീസിൽ സജ്ജമാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർക്കിടെക് കമ്പനി എ.യു.എസ് കൺസോർഷ്യമാണ് രൂപരേഖ തയ്യാറാക്കിയത്. 2019 ഒക്‌ടോബർ 8നാണ് ഓഫീസ് നിർമ്മാണത്തിന് തുടക്കം കുറിച്ചത്. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിക്കിടയിലും ഒരു വർഷംകൊണ്ട് തന്നെ നിർമ്മാണം പൂർത്തീകരിക്കാനായി.
പെരിന്തൽമണ്ണയുടെ പൊതുമണ്ഡലത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നഗരസഭയുടെ ആദ്യ വൈസ് ചെയർമാൻ.ആർ.എൻ. മനഴിയുടെ നാമഥേയമാണ് ഓഫീസ് കോംപ്ലക്സിനു നൽകിയിട്ടുള്ളത്
നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലിം ചടങ്ങിൽ അധ്യക്ഷനായി. വൈസ് ചെയർമാൻ നിഷി അനിൽ രാജ്,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സി മൊയ്തീൻ കുട്ടി, പത്തത്ത് ആരിഫ്,പി.ടി ശോഭന, രതി അല്ലക്കാട്ടിൽ , കീഴ്ശേരി മുസ്തഫ, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാൻ, കൗൺസിലർ ഇ.പി. അരുൺ, വി.ശശികുമാർ ,പി.പി വാസുദേവൻ, സി.സേതുമാധവൻ, സി.ദിവാകരൻ, സി എച്ച് ആഷിഖ്, ചമയം വാപ്പു, സി. ശ്രീജ,കെ.സുബ്രഹ്മണ്യൻ ഹെൽത്ത് ഇൻസ്പെക്ടർ കെ.ദിലീപ് കുമാർ സംസാരിച്ചു.

