കൊവിഡ് റാപിഡ് ടെസ്റ്റ് കിറ്റ്: ഇന്ത്യയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ചൈന
ന്യൂഡല്‍ഹി: രാജ്യത്തുനിന്ന് കയറ്റിയയക്കുന്ന മെഡിക്കല്‍ ഉല്പന്നങ്ങളുടെ ഗുണനിലവാരത്തെ തങ്ങള്‍ വിലമതിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ചൈന. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത റാപിഡ് ടെസ്റ്റ് കിറ്റുകള്‍ നല്‍കുന്ന പരിശോധനാഫലങ്ങള്‍ വിശ്വസനീയമല്ലെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ചൈനയുടെ പ്രതികരണം.
''റാപിഡ് ടെസ്റ്റ് കിറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. കയറ്റിയയക്കുന്ന മെഡിക്കല്‍ ഉല്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ചൈ വളരെയേറെ വിലമതിക്കുന്നു. ഇന്ത്യയില്‍ ടെസ്റ്റ് കിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്ന ഏജന്‍സിയുമായി ചൈന ബന്ധപ്പെടും, അവര്‍ക്കാവശ്യമായ എല്ലാ സഹായവും നല്‍കുകയും ചെയ്യും''- ഇന്ത്യയിലെ ചൈനീസ് എംബസിയിലെ കോണ്‍സുലര്‍ ജി റോങ് പറഞ്ഞു.
ഒരേ വ്യക്തിയില്‍ നടത്തുന്ന ടെസ്റ്റുകള്‍ വ്യത്യസ്ത ഫലം നല്‍കുന്നുവെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് ഐസിഎംആര്‍ രണ്ട് ദിവസത്തേക്ക് റാപിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. റാപിഡ് ടെസ്റ്റ് കിറ്റിന്റെ ഗുണനിലവാരത്തെ കുറിച്ചറിയാന്‍ മറ്റ് സംസ്ഥാനങ്ങളോടും ഐസിഎംആര്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ നിന്ന് 6 മുതല്‍ 71 ശതമാനം വരെ വ്യത്യാസമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത് അപകടകരമാണെന്ന് ഐസിഎംആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ആര്‍ ഗംഗാഖേഡ്കര്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത കൊവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തത്.
