കൊവിഡ് 19: രാജ്യത്ത് 15,000 രോഗികള്‍, 500 മരണങ്ങള്‍; ആശങ്ക അവസാനിക്കുന്നില്ല
ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനം ഗുരുതരമായി തുടരുമ്പോള്‍ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം പതിനയ്യായിരമായി. ഇതുവരെ 500ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച 1,266 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെയാണ് 24 മണിക്കൂറിനുളളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഇതുവരെ മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. എങ്കിലും രോഗം ബാധിക്കുന്നവരുടെ നിരക്കില്‍ കുറവ് വന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്. രോഗം ബാധിച്ചവരുടെ എണ്ണം ഇരട്ടിയാവാന്‍ 7 മുതല്‍ 8 ദിവസം എടുത്തു. നേരത്തെ ഇതിലും നേരത്തെയായിരുന്നു രോഗബാധിതരുടെ എണ്ണം ഇരട്ടിയായത്.
ഡല്‍ഹിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 186 പേരില്‍ ആര്‍ക്കും തബ്‌ലീഗുമായി ബന്ധമില്ല.
ഇന്നുവരെയുള്ള കണക്കില്‍ ഇപ്പോഴും മഹാരാഷ്ട്രയിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. ഇന്നലെ മാത്രം അവിടെ 328 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഗുജറാത്തില്‍ രോഗബാധ പെരുകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 280 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 85 ശതമാനം, 239, കേസുകളും അഹ് മദാബാദില്‍ നിന്നാണ്. ഗുജറാത്തില്‍ മൊത്തം 1,376 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 12 പേര്‍ മരിച്ചു. ഇതൊരു റെക്കോഡാണ്. രോഗബാധ മൂലം ആകെ മരിച്ചവരുടെ എണ്ണം 53 ആയി.
മഹാരാഷ്ട്രയില്‍ 11 പേര്‍ക്ക് കൂടെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 3,648 ആയി.
ഡല്‍ഹിയില്‍ അസംഘടിത തൊഴിലാളികള്‍ക്കിടയില്‍ രോഗബാധ വര്‍ധിക്കുന്നുണ്ട്.
ഡല്‍ഹിയില്‍ കൊവിഡ് ബാധിതരില്‍ 56 ശതമാനവും 60 വയസ്സില്‍ കൂടുതലുള്ളവരാണ്. 50-60 വയസ്സിനുളളില്‍ 21 ശതമാനം, 50 വയസ്സിനു താഴെ 23ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
രണ്ട് ദിവസത്തിനിടയില്‍ 361 കേസുകള്‍ സ്ഥിരീകരിച്ച മധ്യപ്രദേശില്‍ ഇന്നലെ 44 കേസുകള്‍ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളു.
ആന്ധ്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 600 കടന്നു. ഇന്നലെ മാത്രം 31 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 2 പേര്‍ മരിച്ചു. സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 603 ആണ്. മരിച്ചവരുടെ എണ്ണം 16.
തെലങ്കാനയില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ മാത്രം 43 കേസുകള്‍. ആകെ രോഗബാധിതര്‍ 809.
രാജസ്ഥാനില്‍ നാല് പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരിച്ചവര്‍ 21. മരിച്ചവര്‍ നാല് പേരും ജയ്പൂരില്‍ നിന്നാണ്. ജയ്പൂരാണ് രാജസ്ഥാനിലെ ഏറ്റവും വൈറസ് വ്യാപനം നടന്ന പ്രദേശം. 11 പേര്‍ ഇവിടെ മരിച്ചു.
ജാര്‍ഖണ്ഡില്‍ 33 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.

