കൊവിഡ് 19: മലപ്പുറത്തെ ആറ് പേരുടെ രോഗം ഭേദമായി

Update: 2020-04-13 09:44 GMT

മഞ്ചേരി: മലപ്പുറത്തുനിന്ന് ഇന്ന് ആറു പേര്‍ ആശുപത്രി വിട്ടു. ആറു പേരും ജില്ലയിലെ പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം എട്ടായി.

ജില്ലയിലെ ആദ്യ കൊവിഡ് ബാധിതരില്‍ ഒരാളായ അരീക്കോട് ചെമ്രക്കാട്ടൂര്‍ വെള്ളേരി സ്വദേശിനി ഫാത്തിമ(60)യും ഇന്ന് ആശുപത്രി വിടും. വേങ്ങര കൂരിയാട് സ്വദേശി അബ്ദുള്‍ കരീം (31), താനാളൂര്‍ മീനടത്തൂര്‍ സ്വദേശി അലിഷാന്‍ സലീം (28), വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി മുഹമ്മദ് സഹദ് (24), മഞ്ചേരി പയ്യനാട് സ്വദേശി മുഹമ്മദ് ബഷീര്‍(41), എടപ്പാള്‍ സ്വദേശി ഫാസില്‍ (31) എന്നിവരാണ് മറ്റുള്ളവര്‍.

മികച്ച ചികിത്സയും പരിചരണവുമാണ് ആശുപത്രി അധികൃതര്‍ തങ്ങള്‍ക്ക് നല്‍കിയതെന്ന് ആറുപേരും പറഞ്ഞു.

വിസിറ്റിങ്ങ് വിസയില്‍ അബുദാബി സന്ദര്‍ശിച്ചപ്പോഴാണ് അബ്ദുള്‍ കരീമിന് രോഗം ബാധിച്ചത്. സ്‌കോട്‌ലന്‍ഡില്‍ എം.ബി.എ വിദ്യാര്‍ത്ഥിയാണ് പാറപ്പുറത്ത് അലിഷാന്‍ സലീം. ദുബായില്‍ ജോലി തേടി പോയതായിരുന്നു നാലകത്ത് മുഹമ്മദ് സഹദ. ദുബായില്‍ നിന്ന് തിരിച്ചെത്തിയ ആളാണ് മഞ്ചേരി പയ്യനാട് മുഹമ്മദ് ബഷീര്‍. എടപ്പാള്‍ സ്വദേശി ഫാസില്‍ ഷാര്‍ജയിലായിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി, സൂപ്രണ്ടും കൊവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു തുടങ്ങിയവര്‍ ചേര്‍ന്നാണ് എല്ലാവരേയും യാത്രയാക്കിയത്.