ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ അവസാനിക്കാനിടയില്ലെന്ന് സൂചന

Update: 2020-04-03 10:07 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഖിലേന്ത്യാ ലോക്ക് ഡൗണ്‍ നേരത്തെ പ്രഖ്യാപിച്ച പോലെ ഏപ്രില്‍ 14ന് അവസാനിക്കാനിടയില്ലെന്ന് സൂചന

മഹാരാഷ്ട്ര സര്‍ക്കാരാണ് ഇതുസംബന്ധിച്ച ആദ്യ സൂചന പുറത്തുവിട്ടത്. ഏപ്രില്‍ 15ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ലെന്നും അത് ഘട്ടംഘട്ടമായി പിന്‍വലിക്കുകയാണ് ചെയ്യുകയെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ട്വീറ്റ് ചെയ്തു. ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവരുതെന്ന നിര്‍ദേശം പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെട്ടെന്നുള്ള പിന്‍വലിക്കല്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ തന്നെ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞിരുന്നു. അങ്ങനെ ചെയ്താല്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഫലമില്ലാതെ പോകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 22ാം ദിവസം മുതല്‍ ട്രയിനുകളും വിമാനങ്ങളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ എല്ലാം വീണ്ടും പഴയ പടിയിലാവും. അതേസമയം നിരോധനം നീട്ടുന്നതിനെ കുറിച്ചുള്ള ഉറപ്പുകളൊന്നും സര്‍ക്കാര്‍ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

തബ് ലീഗ് ജമാഅത്ത് വിഷയം പുറത്തുവന്നശേഷം സര്‍ക്കാര്‍ കുറച്ചുകൂടെ ജാഗ്രതയിലാണെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ സമ്പര്‍ക്കം മൂലം രോഗബാധ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അടുത്ത ആഴ്ചകളിലാണ് തിരിച്ചറിയാനാവുക.

ഏപ്രില്‍ 15ന് ലോക്ക് ഡൗണ്‍ പിന്‍വലിക്കുമെന്നാണ് അരുണാചല്‍ മുഖ്യമന്ത്രി തന്റെ ട്വീറ്റില്‍ പറഞ്ഞിരുന്നത്. പിന്നീട് പ്രധാനമന്ത്രിയുമായുള്ള ടെലി കോണ്‍ഫ്രന്‍സിനു ശേഷം അദ്ദേഹം അതില്‍ ചെറിയ തിരുത്തല്‍ വരുത്തി, എല്ലാം ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന്. എല്ലാവര്‍ക്കും സ്വതന്ത്രമായി നടക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്നായിരുന്നും അദ്ദേഹം പറഞ്ഞു. ആ ട്വീറ്റും പിന്‍വലിച്ചു.

ഏപ്രില്‍ 14നു ശേഷം എന്തു സംഭവിക്കുമെന്നതിനെ കുറിച്ച് സൂചന നല്‍കാന്‍ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ലോക്ക് ഡൗണിനു ശേഷമുള്ള മുഖ്യമന്ത്രിമാരുടെ രണ്ടാമത്തെ യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. തങ്ങളുടെ വിലയിരുത്തലുമായി അടുത്ത യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ എത്തുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. അന്നായിരിക്കും ലോക്ക് ഡൗണ്‍ സംബന്ധിച്ച കാര്യങ്ങളില്‍ അവസാന തീരുമാനം ഉണ്ടാവുക.   

Similar News