ഫത്തേപൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ നവദമ്പതികളെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമര്‍ജീത് കുശ്വാഹ (30), രേഖാ സോങ്കര്‍ (25) എന്നിവരാണ് മരിച്ചത്. പ്രണയത്തിലായിരുന്ന ഇരുവരും അഞ്ചു മാസം മുന്‍പാണ് വിവാഹിതരായത്.
പോലിസിന്റെ പ്രാഥമിക നിഗമനപ്രകാരം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. വാടകവീട്ടിലെ ബാത്ത്‌റൂമില്‍ ഭര്‍ത്താവ് അമര്‍ജീതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രേഖാ സോങ്കര്‍ പോലിസിനെ വിവരമറിയിച്ചു. എന്നാല്‍ പോലിസ് സ്ഥലത്തെത്തിയപ്പോള്‍ മറ്റൊരു മുറിയില്‍ രേഖയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.