പുതുവര്‍ഷാഘോഷം: കൊച്ചിയില്‍ മെട്രോ, വാട്ടര്‍ മെട്രോ, ഫീഡര്‍ ബസ് സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചു

Update: 2025-12-30 11:32 GMT

കൊച്ചി: പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കുകയും പ്രത്യേക സര്‍വീസുകള്‍ ക്രമീകരിക്കുകയും ചെയ്തു. ഡിസംബര്‍ 31ന് അര്‍ധരാത്രിക്ക് ശേഷവും യാത്രാസൗകര്യം ഉറപ്പാക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ഡിസംബര്‍ 31നു കൊച്ചി മെട്രോ ട്രെയിനുകള്‍ പുലര്‍ച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും. ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന മെട്രോ പുലര്‍ച്ചെ 1.30നു പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനില്‍ നിന്ന് രണ്ടു ദിശകളിലേക്കുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് ലഭ്യമാകും. ഇതോടൊപ്പം, ജനുവരി മൂന്നു വരെ ഇടപ്പള്ളി സ്റ്റേഷനില്‍ നിന്നുള്ള മെട്രോ സര്‍വീസുകള്‍ രാത്രി 11 മണിവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍, ഹൈക്കോര്‍ട്ട്-ഫോര്‍ട്ട് കൊച്ചി റൂട്ടുകളിലെ പതിവ് സര്‍വീസുകള്‍ ഡിസംബര്‍ 31ന് രാത്രി ഏഴു മണിക്ക് അവസാനിക്കും. എന്നാല്‍ പുതുവര്‍ഷാഘോഷം പ്രമാണിച്ച് ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ നാലു മണിവരെ ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടുകളില്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. മറ്റു റൂട്ടുകളിലെ സര്‍വീസുകള്‍ പതിവ് സമയക്രമം അനുസരിച്ച് തുടരും.

അതേസമയം, ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി ബുധനാഴ്ച രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലു മണിവരെ വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടില്‍ ഇലക്ട്രിക് ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തും. ഇതിന് പുറമെ, റെയില്‍വേ സ്റ്റേഷനുകളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും എത്തുന്നതിനായി ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍ സര്‍വീസും ഇതേ സമയത്ത് ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: