അതിദാരിദ്ര്യം ലഘൂകരിക്കാന്‍ സര്‍വേ; കിടപ്പാടം നഷ്ടപ്പെടുത്തുന്ന ജപ്തിക്കെതിരേ നിയമ നിര്‍മാണം; ജനക്ഷേമ പദ്ധതികളുമായി ഇടതു സര്‍ക്കാര്‍

വീട്ടമ്മമാരെ സഹായിക്കാന്‍ സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി; സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കും; വ്യവസായം തുടങ്ങുന്നതിനുള്ള തടസ്സം നീക്കാന്‍ ഏകജാലക സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി

Update: 2021-05-20 16:02 GMT


തിരുവനന്തപുരം: അതി ദാരിദ്ര്യം ലഘൂകരിക്കാന്‍ വിശദമായ സര്‍വെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ മന്ത്രി സഭായോഗ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശഭരണ വകുപ്പിലെ രണ്ട് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യം കൈവരിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജപ്തി നടപടിക്ക് നിയമനിര്‍മാണം

ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം നടത്തും. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സമിതി ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ജൂലൈ 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ആ റിപോര്‍ട്ട് പരിശോധിച്ചാകും തുടര്‍നടപടികള്‍.

വീട്ടമ്മമാരെ സഹായിക്കാന്‍ സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി

ഗാര്‍ഹിക ജോലി ചെയ്യുന്ന വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി പദ്ധതിക്ക് രൂപം നല്‍കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.

കെ-ഡിസ്‌ക്

20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനുള്ള മാര്‍ഗരേഖ കെ-ഡിസ്‌ക് തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15നകം റിപോര്‍ട്ട് നല്‍കാന്‍ കെ ഡിസ്‌കിനെ ചുമതലപ്പെടുത്തി.

സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തിക്കും

സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന പദ്ധതി തുടങ്ങും. സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ഈ പദ്ധതി നിലവില്‍ വരും. ഐടി സെക്രട്ടറി, ഐടി വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നല്‍കും.

ഇ ഓഫിസ്, ഇ ഫയല്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലമായി നടപ്പാക്കും. തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.

വ്യവസായം തുടങ്ങാന്‍ ഏകജാലകം

വ്യവസായമേഖലയില്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കാന്‍ വ്യത്യസ്തങ്ങളായ ഓഫിസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യമുണ്ട്. അത് ഒഴിവാക്കാന്‍ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രീവന്‍സ് റിഡ്രസ്സല്‍ കമ്മിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഈ കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. ഈ നിയമത്തിന്റെ കരട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥത തല സമിതിയെ ചുമതലപ്പെടുത്തി.


Tags: