ബീഹാറില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം; മുന്‍ വകഭേദത്തേക്കാള്‍ പത്തിരട്ടി മാരകമെന്ന് ഗവേഷകര്‍
പാട്‌ന: ബീഹാര്‍ ആരോഗ്യവകുപ്പ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി. ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഗവേഷകര്‍ നല്‍കുന്ന വിവരമനുസരിച്ച് പുതിയ വകഭേദമായ ബിഎ.12 നേരത്തെ കണ്ടെത്തിയ ബിഎ.2നേക്കാള്‍ പത്തിരട്ടി മാരകമാണ്. കൊവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നതെന്നത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സാംപിളുകളുടെ ജീനോം സീക്വന്‍സിങ് ആരംഭിച്ചതായി ഇന്‍സ്റ്റിറ്റിയൂട്ടിലെ മൈഗ്രോ ബയോളജി മേധാവി പ്രഫ. ഡോ. നമ്രത കുമാരി അറിയിച്ചു. ഇതുവരെ 13 സാംപിളുകള്‍ പരിശോധിച്ചു. അതില്‍ ഒന്ന് ബിഎ.12ആയിരുന്നു. മറ്റ് സാംപിളുകള്‍ ബിഎ.2ആണ്.
വൈറസുകള്‍ അതിജീവിക്കുന്നതിനുവേണ്ടിയാണ് മ്യൂട്ടേഷനു വിധേയമാകുന്നത്. കൊറോണ വൈറസും നിരവധി തവണ മ്യൂട്ടേഷന് വിധേയമായി. അതില്‍ ഏറ്റവും അപകടമായത് സാര്‍സ്-കൊവ്-2വിന്റെ രണ്ട് വകഭേദങ്ങളായ ഡെല്‍റ്റയും ഒമിക്രോണുമായിരുന്നു. ഇവ തമ്മില്‍ പരസ്പം വലിയ വിത്യാസമുണ്ട്.
പുതിയ വകഭേദം കണ്ടെത്തിയതുകൊണ്ട് ഭീതി വേണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പുതിയ വകഭേദമുണ്ടാവുമ്പോഴൊക്കെയാണ് സാധാരണ വൈറസ് ബാധയില്‍ വര്‍ധന സംഭവിക്കാറുണ്ട്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.