ദക്ഷിണ റെയില്‍വേയില്‍ 109 ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പ്; കേരളത്തില്‍ ഏഴ് സ്‌റ്റേഷനുകള്‍ക്ക് 13 ട്രെയിനുകള്‍ മാത്രം
കണ്ണൂര്‍: ദക്ഷിണ റെയില്‍വേ 109 ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ചു. എന്നാല്‍ കേരളത്തിലെ ഏഴു സ്‌റ്റേഷനുകളിലായി 13 ട്രെയിനുകളുടെ സ്‌റ്റോപ്പ് മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജനുവരി 26 മുതല്‍ ഫെബ്രുവരി രണ്ടു വരെയുള്ള തിയ്യതികളില്‍ വിവിധ സ്‌റ്റേഷനുകളില്‍ പുതിയ സ്‌റ്റോപ്പുകള്‍ പ്രാബല്യത്തില്‍ വരും. കോവിഡിന് ശേഷം നിര്‍ത്തലാക്കിയതും പിന്നീട് പുനസ്ഥാപിച്ചതുമായ സ്‌റ്റോപ്പുകള്‍ക്കും പുതുതായി അനുവദിച്ച സ്‌റ്റോപ്പുകള്‍ക്കും ചേര്‍ന്നതാണ് പുതുക്കിയ പട്ടിക. സ്‌റ്റേഷന്‍ വരുമാനത്തിന്റെ കണക്ക് അടിസ്ഥാനമാക്കി കോവിഡിന് ശേഷം നൂറോളം സ്‌റ്റോപ്പുകള്‍ ദക്ഷിണ റെയില്‍വേ കുറച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ 25ലധികം സ്‌റ്റേഷനുകളില്‍ ഇപ്പോഴും ട്രെയിനുകള്‍ നിര്‍ത്തുന്നില്ല. പ്രത്യേകിച്ച് രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലു വരെയുള്ള സമയങ്ങളില്‍ ചെറുസ്‌റ്റേഷനുകളില്‍ ഉണ്ടായിരുന്ന സ്‌റ്റോപ്പുകളാണ് ഇതുവരെ പുനസ്ഥാപിക്കപ്പെടാത്തത്. ചില സ്‌റ്റേഷനുകളില്‍ ഒരേ തീവണ്ടി ഒരു ദിശയില്‍ നിര്‍ത്തുകയും തിരിച്ചുപോകുമ്പോള്‍ അതേ സ്‌റ്റേഷനില്‍ നിര്‍ത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യവും തുടരുന്നതായി യാത്രക്കാരും ജനപ്രതിനിധികളും പരാതിപ്പെടുന്നു. കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള സ്‌റ്റേഷനുകളിലാണ് ഈ അവസ്ഥ കൂടുതലായി ശ്രദ്ധയില്‍പ്പെട്ടത്. കോവിഡിന് ശേഷം സര്‍വീസ് നിര്‍ത്തിയ നവയുഗ് എക്‌സ്പ്രസ് ഇതുവരെ റെയില്‍വേ പുനസ്ഥാപിച്ചിട്ടില്ലെന്നതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
കേരളത്തില്‍ പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച സ്‌റ്റേഷനുകള്‍:
അമ്പലപ്പുഴ: ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍-എഗ്മോര്‍ എക്‌സ്പ്രസ് (ജനുവരി 26)
എറ്റുമാനൂര്‍: എറണാകുളം-കായംകുളം-എറണാകുളം മെമു (ജനുവരി 26)
ചെറിയനാട്: മധുര-ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് (ജനുവരി 26)
പരപ്പനങ്ങാടി: തിരുവനന്തപുരം-വരാവല്‍ (ഫെബ്രുവരി 2), നാഗര്‍കോവില്‍-ഗാന്ധിധാം (ജനുവരി 27)
വടകര: തിരുവനന്തപുരം-വരാവല്‍ (ഫെബ്രുവരി 2), തിരുവനന്തപുരം-ഭാവ്‌നഗര്‍ (ജനുവരി 29), എറണാകുളം-പൂനെ/പൂനെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് (ജനുവരി 27, 28)
തിരൂര്‍: ഹിസാര്‍-കോയമ്പത്തൂര്‍-ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് (ജനുവരി 31)
കണ്ണൂര്‍ സൗത്ത്: തൃശൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് (ജനുവരി 26)
പുതിയ സ്‌റ്റോപ്പുകള്‍ കേരളത്തിന് അപര്യാപ്തമാണെന്ന വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്‌റ്റേഷനുകളില്‍ സര്‍വീസുകള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.
